എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു; ടൈറ്റില്‍ റോളില്‍ തൃഷയോ നയന്‍താരയോ; രശ്മിക മന്ദാനയുടെ പേരും പരിഗണനയിൽ
ധനുഷും സത്യരാജും യഥാക്രമം ഇളയരാജയുടെയും നരേന്ദ്ര മോദിയുടെയും ബയോപിക്കുകളിലെ നായകന്മാരാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, മുതിര്‍ന്ന കര്‍ണാടിക് ഗായികയും ഭാരതരത്ന പുരസ്‌കാര ജേതാവുമായ അന്തരിച്ച എം.എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക്കും ഒരുങ്ങുന്നതായി വാര്‍ത്തകള്‍. നയന്‍താരയോ തൃഷയോ ടൈറ്റില്‍ റോളില്‍ അഭിനയിക്കാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
ഡിടി നെക്സ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, കര്‍ണ്ണാടകയില്‍ നിന്നുള്ള നിര്‍മാണ കമ്പനി, ചിത്രം 2025 ഓടെ തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീ-പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ക്രിപ്റ്റിംഗ് ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നും എന്നാല്‍ സുബ്ബുലക്ഷ്മിയാകാന്‍ നയന്‍താര വേണോ തൃഷ വേണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടി രശ്മിക മന്ദാനയുടെ പേരും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ഭാരതരത്ന പുരസ്‌കാരം ലഭിച്ച ആദ്യ സംഗീതജ്ഞയും 1966-ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പാടിയ ആദ്യ ഇന്ത്യക്കാരിയുമാണ് എം.എസ്. സുബ്ബുലക്ഷ്മി. മധുര സംഗീതജ്ഞരുടെ കുടുംബത്തില്‍ നിന്നുള്ള എം.എസ്. സുബ്ബലക്ഷ്മി കര്‍ണാടിക് ഗായികയും ഹിന്ദുസ്ഥാനി സംഗീതത്തില്‍ പരിജ്ഞാനം നേടിയ സംഗീതജ്ഞയുമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here