ചില സഭാനേതാക്കള്‍ക്ക് ബൈബിളിനേക്കാള്‍ വലുത് ‘വിചാരധാര’; തലയ്ക്ക് വെളിവുള്ളവരാരും ‘കേരള സ്റ്റോറി’ കാണില്ലെന്ന് ലത്തീന്‍ അതിരൂപത; ഇടുക്കി രൂപതക്ക് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : ഇടുക്കി രൂപത മതബോധന ക്ലാസുകളില്‍ കേരള സ്‌റ്റോറി സിനിമ കാണിച്ചത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മുഖപത്രം. ചിലര്‍ സഭാസാരഥികളായി വരുമ്പോള്‍ അവര്‍ക്ക് വിശുദ്ധ ബൈബിളിനെക്കാള്‍ വലുത് ‘വിചാരധാര’ ആണെന്ന് തോന്നും. (ആർഎസ്എസ് സര്‍സംഘചാലക് ആയിരുന്ന ഗോള്‍വല്‍ക്കർ എഴുതിയ പുസ്തകമാണ് വിചാരധാര) യേശുക്രിസ്തു ലോകത്തെ സ്‌നേഹിച്ചതും സ്വജീവിതം ബലിയായി നല്‍കിയതും അത്രമേല്‍ മനുഷ്യരേയും ലോകത്തേയും പ്രണയിച്ചതു കൊണ്ടാണെന്നും ജീവനാദം മുഖമാസികയിലെഴുതിയ കുറിപ്പില്‍ ലത്തീന്‍ സഭ വ്യക്തമാക്കുന്നു. സിറോ മലബാര്‍ സഭയുടെ ഭാഗമായ ഇടുക്കി രൂപതയുടെ നിലപാടുകളെ പൂര്‍ണ്ണമായും തള്ളുകയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത.

പ്രണയമെന്നത് ലോകത്തിന്റെ നിലനില്‍പ്പും ചോദനയുമാണ്. ഇതൊന്നും മനസിലാക്കാതെയാണ് ഒരുപറ്റം വൈദികര്‍ പ്രണയത്തെ കെണിയായി പ്രചരിപ്പിക്കുന്നത്. വര്‍ഗീയ ഭ്രാന്തന്‍മാര്‍ പടച്ചുവിടുന്ന വാട്‌സാപ്പ് കണക്കുകളാണ് ചില വൈദികര്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും വിളമ്പുന്നത്. ഇക്കാലമത്രയും സഹോദര മതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ പുലര്‍ത്താതെ ജീവിച്ചവരാണ് കേരളത്തിലെ ക്രൈസ്തവര്‍. അവരെ മുസ്ലീം വിരോധികളാക്കി മാറ്റുകയെന്ന സംഘപരിവാര്‍ അജണ്ടയാണ് ചിലർ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ലത്തീന്‍ അതിരൂപത കുറ്റപ്പെടുത്തുന്നു.

കേരള സ്റ്റോറി എന്ന പ്രൊപ്പഗാന്താ സിനിമയില്‍ പറയുന്നത് 32000 ക്രൈസ്തവ യുവതികളെ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന യുവാക്കള്‍ പ്രേമിച്ച് മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കി എന്നാണ്. ഇതില്‍ ആരൊക്കെയാണ് ഇവരെന്ന് വിവരങ്ങള്‍ പോലും സിനിമയെടുത്തവരുടെ പക്കലില്ല. 10 പേരുടെയെങ്കിലും പേരോ മേല്‍വിലാസമോ പുറത്തുവിടാന്‍ ധൈര്യമുണ്ടോയെന്ന വെല്ലുവിളി പലരും ഉയര്‍ത്തിയിട്ടും സംഘപരിവാര്‍ സംഘടനകള്‍ക്കോ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കോ മറുപടിയില്ല. തീയറ്ററുകളില്‍ ഈ സിനിമയ്ക്ക് തണുത്ത പ്രതികരണമാണുണ്ടായിരുന്നത്. തലയ്ക്ക് വെളിവുള്ള ആരും തന്നെ ഈ വിദ്വേഷ സിനിമ കാണാന്‍ പോയിട്ടില്ലെന്നാണ് തീയറ്റര്‍ കണക്കുകള്‍ സൂചിപ്പിച്ചത്.

തിരഞ്ഞെടുപ്പ് കാലത്ത് ഏതോ പരിവാര്‍ ബുദ്ധികേന്ദ്രത്തിന്റെ കോടാലിക്കൈയായി സ്ഥിര ബുദ്ധിയുളള മനുഷ്യര്‍ മാറരുതെന്ന് ആശിക്കുന്നു. ഹൈന്ദവരും, മുസ്ലീങ്ങളും, ക്രൈസ്തവരും സാഹോദര്യത്തോടെ കഴിയുന്ന ഈ നാട്ടില്‍ ഇത്തരം വിദ്വേഷ സിനിമകള്‍ പ്രചരിപ്പിച്ച് മനുഷ്യരെ തട്ടുകളിലാക്കരുതെന്നും ജീവനാദം മുന്നറിയിപ്പ് നല്‍കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top