കേരളത്തില്‍ പ്രളയമെന്ന് രാജീവ് ചന്ദ്രശേഖര്‍; നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും പോസ്റ്റ്; ട്രോളുകളുമായി ഇടത് പ്രൊഫൈലുകള്‍; പോസ്റ്റ് മുക്കി കേന്ദ്രമന്ത്രി

തിരുവനന്തപുരം : കേരളത്തില്‍ പ്രളയമാണെന്നും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ട്രോളോട് ട്രോള്‍. മഴക്കെടുതികള്‍ രൂക്ഷമാണെങ്കിലും പ്രളയ സമാനമായ സാഹചര്യം കേരളത്തില്‍ ഉണ്ടായിട്ടില്ല. അധികം മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ അനുശോചന സന്ദേശത്തിനെതിരെ വിമര്‍ശനവും പരിഹാസവും ഉയരുന്നത്.
“കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നു. അപകടത്തില്‍പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു” രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.
പോസ്റ്റ് വന്നതിന് പിന്നാലെ തന്നെ ട്രോളുകളും സജീവമായി. ഇടത് പ്രൊഫൈലുകളില്‍ ട്രോളുകള്‍ നിറഞ്ഞു. കേന്ദ്രമന്ത്രിയുടെ പോസ്റ്റിന് താഴെ തന്നെ നിരവധി കമന്റുകളും നിറഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായി ഇടപെടാറുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും കേന്ദ്രമന്ത്രിയെ പരിഹസിച്ചു. ഇപ്പോള്‍ കണ്ടത് 2018 സിനിമയാണെന്നും തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണബോധം പോകാതെ രക്ഷപ്പെടാമെന്നും വിദ്യാഭ്യാസമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വിമര്‍ശനവും ട്രോളുകളും വര്‍ദ്ധിച്ചതോടെ കേന്ദ്രമന്ത്രി തന്നെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ മറ്റ് പോസ്റ്റുകളില്‍ കമന്റായി വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here