‘തട്ടിക്കൊണ്ട് പോകലിലെ ട്വിസ്റ്റ്’ വൈറലാക്കി സിപിഎം ട്രോളൻമാർ; പോയി പണി നോക്കാൻ ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട്
മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റ് ബിന്ദു കൃഷ്ണക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ മഴ. കൊല്ലം പുനലൂരിൽ നടന്ന യുഡിഎഫ് യോഗത്തിൽ ബിന്ദു കൃഷ്ണ നടത്തിയ പ്രസംഗമാണ് ഫേസ്ബുക്കിൽ ഉൾപ്പെടെ ഇപ്പോൾ സിപിഎം സോഷ്യൽ മീഡിയ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കോൺഗ്രസ് നേതാക്കളാണ് പോലീസിന് നിർണായക വിവരം നൽകിയതെന്ന മഹിളാ കോൺഗ്രസ് നേതാവിൻ്റെ വിവരണമാണ് ട്രോളൻമാർ വ്യാപകമായി പങ്കുവെക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ട് പോയതിൽ ‘നിങ്ങൾക്കറിയാമോ?’, ‘ബിന്ദു കൃഷ്ണയുടെ ട്വിസ്റ്റ് ‘ എന്ന പേരുകളിൽ കുറിപ്പുൾപ്പെടെയാണ് ട്രോൾ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

നവകേരള സദസിനെ തുടർന്ന് മുഖം നഷ്ടപ്പെട്ട സിപിഎമ്മിൻ്റെ സൈബർ ബുളളിംഗിൻ്റെ ഭാഗമാണ് തനിക്കെതിരെയുള്ള ട്രോളുകളെന്ന് ബിന്ദു കൃഷ്ണ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. താൻ പറഞ്ഞത് 100 ശതമാനവും സത്യമാണെന്നും ട്രോളൻമാരോട് പോയി പണിനോക്കാനാണ് പറയാനുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ബിന്ദു കൃഷ്ണ മാധ്യമ സിൻഡിക്കറ്റിനോട് ഇന്ന് പറഞ്ഞത്

” ഞാൻ എ ടു ഇസഡ് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. ഇപ്പോൾ അതിൻ്റെ രണ്ടോ മൂന്നോ വരിയെടുത്ത് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രസംഗം മുഴുവൻ കേട്ടാലത് മനസിലാകും. ഞാൻ പറഞ്ഞ കാര്യം വളരെ കൺവിൻസിംഗാണ്, സത്യസന്ധമാണ്.

സിപിഎമ്മുകാര് നാട് മുഴുവൻ ഓടിനടന്ന് നവകേരള സദസിൽ നാട്ടുകാരെ തല്ലി എല്ലൊടിക്കുകയാണ്. പൊതുജനത്തിന് മുന്നിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ എതെങ്കിലും കോൺഗ്രസ് മേൽവിലാസം ഉള്ളവരെ കിട്ടണം, തോന്നിവാസം പറയണം. അതിൻ്റെ ഭാഗമായിട്ട് പറയുന്നതാണ്.

ഞാൻ സത്യത്തിൽ ഇത് കണ്ടിട്ടില്ലായിരുന്നു. ഇന്നലെയാണ് കണ്ടത്. ഗണേഷ് കുമാറിൻ്റെ ഫേസ്ബുക്കിൽ എനിക്കെതിരെ എന്തൊക്കെയോ ഇടുന്നുണ്ടെന്ന് കൊല്ലത്തെ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകൻ എന്നെ വിളിച്ച് പറഞ്ഞിരുന്നു. എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ ഞാൻ ഒരു യോഗത്തിൽ പ്രസംഗിക്കുന്നതിൻ്റെ ഒരു ഭാഗമെടുത്ത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. ഈ പ്രചരണം നടത്തുന്നവർ ആരാണെന്ന് ജനത്തിനറിയാം. ട്രോളിയും സൈബർ ലിഞ്ചിംഗ് നടത്തിയും ഒരാളെ ഇല്ലാതാക്കാൻ ശ്രമിച്ചാലത് നടക്കില്ല.

രണ്ട് കോൺഗ്രസ് നേതാക്കൾ തന്നോട് നേരിട്ട് പറഞ്ഞതും പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതുമായ കാര്യം വളരെ സത്യസന്ധമായിട്ടാണ് പ്രസംഗത്തിൽ താൻ വിശദീകരിച്ചത്. ആയിരക്കണക്കിന് ആളുകളാണ് കേസുമായി ബന്ധപ്പെട്ട് പോലീസിന് വിവരം നൽകിയത്. അതിൽ ഏറ്റവും കാതലായി പോലീസുമായി സഹകരിച്ചത് രണ്ട് കോൺഗ്രസുകാരാണെന്നാണ് താൻ വിശദീകരിച്ചത്. ഡിവൈഎഫ്ഐ നേതാവ് സംഭവുമായി ബന്ധപ്പെട്ട് പറഞ്ഞ അസത്യത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു എന്‍റെ പ്രസംഗം. സംഭവവുമായി ബന്ധപ്പെട്ട് പച്ചക്കള്ളം പ്രചരിപ്പിച്ചത് ആരാണെന്ന് ജനങ്ങൾക്കറിയാം. സൈബർ ബുള്ളിംഗ് വഴി ആരെയും ഇല്ലാതാക്കാമെന്നാണ് ധാരണ. രാഷ്ട്രീയം പറയുകയാണെങ്കിൽ അന്തസായി രാഷ്ട്രീയം പറയണം. അതിനുള്ള ആശയം ഇത്തരം പ്രചരണക്കാർക്കില്ല.

ആശയ ദാരിദ്ര്യം കാരണം സിപിഎമ്മുകാരാല്‍ അപമാനിക്കപ്പെട്ട ഒരു സമൂഹം തന്നെ ഇവിടെയുണ്ട്. രാഷ്ട്രീയം പറയാതെ ഇത്തരത്തിൽ എതിരാളികളെ ഇല്ലാതാക്കുന്നതിൽ വേദനയുള്ള സമൂഹം. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ ആരും ഈ പണി ചെയ്യില്ല. അവർക്കും ഇക്കാര്യങ്ങളിൽ വലിയ വിഷമമുണ്ട്. ഞാനൊക്കെ രാഷ്ട്രീയം പറയുന്നതാണ് സൈബർ ലിംഞ്ചിംഗ് നടത്തുന്നവരെ പ്രകോപിതരാക്കുന്നത്. ഇത്തരക്കാരോട് പോയി പണി നോക്കാൻ പറയും. “

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ബിന്ദു കൃഷ്ണയുടെ പ്രസംഗം

“സംഗതി തള്ള് മാത്രമാണെന്ന് പിന്നീടല്ലേ അറിഞ്ഞ്. നിങ്ങൾക്കറിയുമോ യഥാർത്ഥത്തിൽ പ്രതിയെ പിടിക്കാൻ സഹായിച്ചത് കോൺഗ്രസിൻ്റെ പ്രിയപ്പെട്ട നേതാക്കളാണെന്ന്. ഞാൻ പറയുന്നതിൽ ഒരു കണിക പോലും അസത്യമില്ല.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദിവസം വെളുപ്പാൻ കാലത്ത് ഇപ്പോഴത്തെ കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡൻ്റും കെ.എസ്.യു മുൻ ജില്ലാ പ്രസിഡൻ്റുമായ ശ്രീ പ്രതീഷ് കുമാർ ഭാര്യയും പത്ത് മാസം പ്രായമുള്ള കുഞ്ഞുമായി പള്ളിക്കലിൻ്റെ അപ്പുറത്തുള്ള ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു. കാരണം ഭാര്യ വീട്ടുകാരുമായി വെളുപ്പിനെ നാല് മണിക്ക് വർക്കലയിൽ നിന്നും പോകുന്ന ഏറനാട് എക്സ്പ്രസിൽ മൂകാംബികയ്ക്ക് പോകാനായി ടിക്കറ്റ് എടുത്തിരുന്നു. ഇവൻ അവരെയും കൊണ്ട് പോകുമ്പോൾ ഒരു വെള്ള സ്വിഫ്റ്റ് കാർ ഇങ്ങനെ പോകുന്നത് കണ്ടു. കണ്ടപ്പോഴേ ഒരിത് തോന്നി. സാധാരണ രാത്രിയിൽ അത്യാവശ്യമുള്ളവരാണ് പോകുന്നത്. അത്യാവശ്യമുള്ളവർ അത്യാവശ്യം സ്പീഡിലായിരിക്കുമല്ലോ പോകുന്നത്. ഈ വണ്ടി പതുക്കെ പതുക്കെ പോകുന്നു. നാല് വശത്തും നോക്കുന്നു. ബാക്കിൽ രണ്ട് സ്ത്രീകൾ ഇരിക്കുന്നു. അവനൊരു പതർച്ച പോലെ തോന്നി. അത് കണ്ടിട്ട് അവൻ്റെ ഭാര്യ പറഞ്ഞു – “ഇത് നമ്മടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ വാഹനം മറ്റോ ആണോ എന്തോ? സംശയം തോന്നുന്നു”. തുടർന്ന് വാഹനത്തെ അവർ ഫോളോ ചെയ്തു.

കുറേ ദൂരം മുന്നോട്ട് പോയി പള്ളിക്കലിലെ പള്ളിയൊക്കെയുള്ള ജംഗ്ഷനിൽ എത്തിയപ്പോൾ നീലക്കാറും അഞ്ചാറ് ബൈക്കുകളും കൂടെ വരുന്നു. കുറച്ച് സമയം കഴിഞ്ഞ് അവർ തിരിഞ്ഞു നോക്കിയപ്പോൾ അവന് ഭയമായി.പോലീസിനെ അറിയിക്കാമെന്ന് വെച്ചാൽ അവിടെ നിന്ന് പോലീസിനെ അറിയിച്ച്, അവർ വന്ന് അതിൻ്റെ നടപടി കഴിയുമ്പോഴത്തേക്കും അവൻ്റെ യാത്ര …… ( പൂർണമാക്കുന്നില്ല). അവൻ മാത്രമല്ല അവൻ്റെ ഭാര്യയും ചേട്ടത്തിയും കുറേ ബന്ധുക്കളും എല്ലാം കൂടിയാണ് ടിക്കറ്റെടുത്തത്. യാത്ര മുടക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് അവൻ നേരെ വണ്ടിയോടിച്ച് വീട്ടിൽ പോയി 4 മണിക്കുള്ള ട്രെയിനിൽ കയറി പോകുകയും ചെയ്തു.

ബിന്ദു കൃഷ്ണയുടെ പ്രസംഗത്തിെനെതിരെ പ്രചരിക്കുന്ന ഒരു ട്രോൾ

ബിന്ദു കൃഷ്ണ: നിങ്ങക്കറിയോ യഥാർത്ഥത്തിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ പിടിക്കാൻ സഹായിച്ചത് കോണ്ഗ്രസിന്റെ നേതാക്കളാണ്

കെ എസ് യു മുൻ ജില്ലാ പ്രസിഡന്റ് പ്രതീഷ് കുമാറും കുടുംബവും രാത്രീ മൂകാംബികയിലേക്ക് പോകുമ്പോൾ ഒരു വെള്ള സ്വിഫ്റ്റ് കാറ് പോകുന്നത് കണ്ടു, അപ്പോൾ ഭാര്യ പറഞ്ഞു: “കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന വണ്ടിയാണെന്ന് തോന്നുന്നു ആ പോകുന്നത്”

ഇത് കേട്ട പ്രതീഷ് കുമാർ ആ വണ്ടിയെ നോക്കി, അത് കണ്ടപ്പോൾ അവർക്ക് ഭയമായി, അവർ വണ്ടി സ്പീഡിൽ വിട്ടു.

ആപ്പോൾ പ്രതീഷ് കുമാർ വണ്ടിയെ പിന്തുടർന്ന് കാണുമല്ലേ?

ഇല്ല

പോലീസിനെ വിവരമറിച്ചു കാണുമല്ലോ?

ഇല്ല

പിന്നെ

പ്രതീഷ് കുമാർ ആത്മ രോഷത്തോടെ മൂകാംബികയിലേക്ക് പോയി.!!

പ്രതീഷ് കുമാറിനും ബിന്ദു കൃഷ്‌ണക്കും അഭിനന്ദനങ്ങൾ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top