മത്സ്യ തൊഴിലാളികള്‍ക്ക് വറുതിയുടെ നാളുകള്‍; ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍; സൗജന്യ റേഷന്‍ ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം : ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ പത്ത് മുതല്‍ ആരംഭിക്കും. ജൂലൈ 31 വരെ 52 ദിവസമായിരിക്കും നിരോധനം. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.
ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കലക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങള്‍ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ജില്ലാ കലക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
കൊല്ലം ജില്ലയിലെ നീണ്ടകര ഹാര്‍ബര്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നത് ഈ വര്‍ഷവും തുടരും. ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടയ്ക്കണം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാം. ഏകീകൃത കളര്‍ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ അടിയന്തിരമായി കളര്‍ കോഡിംഗ് നടത്തണമെന്നും യോഗം തീരുമാനിച്ചു.
ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റല്‍ പോലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംഘിയ്ക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here