വന്യമൃഗങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് മുതലകൾ അടക്കം രക്ഷപെട്ടു… ഒഴിവായത് വൻ ദുരന്തം

തെലങ്കാനയിൽ വന്യമൃഗങ്ങളുമായി പോയ ട്രക്ക് മറിഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ട രണ്ട് മുതലകളെ പിടികൂടിയതായി ഉദ്യോഗസ്ഥർ. പട്‌നയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ട്രക്കാണ് നിർമൽ ജില്ലയിലെ മൊണ്ടിഗുട്ട ഗ്രാമത്തിന് സമീപം ദേശീയ പാത 44ൽ വച്ച് മറിഞ്ഞത്. പട്‌നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിൽ നിന്ന് ബംഗളൂരുവിലെ ബന്നാർഗട്ട നാഷണൽ പാർക്കിലേക്ക് വന്യമൃഗങ്ങളെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
സിമന്റ് തൂണുകളിൽ ട്രക്ക് ഇടിച്ചതിനെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽനിന്നും താഴേക്ക് വീഴുകയുമായിരുന്നു. എട്ട് മുതലകൾ, രണ്ട് വെള്ള ആനകൾ, രണ്ട് കടുവകൾ ഉൾപ്പെടെ മറ്റ് മൃഗങ്ങളും ട്രക്കിൽ ഉണ്ടായിരുന്നു. അപകടത്തിനുപിന്നാലെ ട്രക്കിൽ ഉണ്ടായിരുന്ന രണ്ടു മുതലകളെ കാണാതായി.
സംഭവം അറിഞ്ഞ ഉടൻ പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തുകയും ട്രക്കിൽ ഉണ്ടായിരുന്ന മൃഗങ്ങളെയെല്ലാം പിടികൂടി മറ്റൊരു വാഹനത്തിലേക്ക് കയറ്റുകയും ചെയ്തു. കാണാതായ രണ്ടു മുതലകളെയും പിന്നീട് സുരക്ഷിതമായി പിടികൂടി. പോലീസിന്റെയും വനംവകുപ്പ് അധികൃതരുടെയും പെട്ടെന്നുള്ള ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here