പുടിനെ ഫോണിൽ വിളിച്ച് ട്രംപ്!! ഒന്നരമണിക്കൂർ സംസാരിച്ചെന്നും സെലൻസ്കിയെ വിളിച്ച് യുദ്ധം തീർക്കാൻ ചർച്ച തുടങ്ങുമെന്നും പ്രഖ്യാപനം
![](https://www.madhyamasyndicate.com/wp-content/uploads/2025/02/trump-ukraine-FI.jpg)
റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനുമായി സംസാരിച്ചെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ഉടൻ സംസാരിച്ച് ചർച്ചകൾക്ക് തുടക്കമിടും എന്നും ട്രംപ് അറിയിച്ചു. യുക്രെയ്നുമായുള്ള യുദ്ധം തീർത്തില്ലെങ്കിൽ റഷ്യയ്ക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
“രണ്ടു രാജ്യങ്ങളുമായി ബന്ധപ്പെട്ട സംഘങ്ങൾ ഉടൻ ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചിട്ടുണ്ട്. യുദ്ധം തീർക്കാനും മനുഷ്യക്കുരുതി അവസാനിപ്പിക്കാനും പുടിനും സമ്മതിച്ചിട്ടുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെയും ഉടൻ തന്നെ വിളിച്ച് സംസാരിക്കും”-തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അധിക നികുതി, തീരുവ തുടങ്ങി കടുത്ത നീക്കങ്ങൾ റഷ്യയ്ക്കെതിരെ ഉണ്ടാകുമെന്ന് ഭീഷണി മുഴക്കിയതിനും പിന്നാലെയാണു ട്രംപ് നേരിട്ട് ഫോണെടുത്ത് പുടിനെ വിളിച്ചത്.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി അർത്ഥവത്തായ ചർച്ചയാണ് നടന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. “സമാധാനം പുനസ്ഥാപിക്കാനുള്ള സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സുരക്ഷാ, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിൽ രൂപരേഖ തയാറാക്കുന്നത് സംബന്ധിച്ചും സംസാരിച്ചു.” – സെലെൻസ്കി എക്സിൽ കുറിച്ചു.
യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത് മൂന്നാംനാൾ ഡോണൾഡ് ട്രംപ് റഷ്യയ്ക്ക് യുദ്ധം സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. 2022 ഫെബ്രുവരിയിലാണ് റഷ്യ- യുക്രെയ്ൻ യുദ്ധം തുടങ്ങിയത്. ഇരുപക്ഷത്തും കാര്യമായ നാശനഷ്ടവും ആൾനാശവും ഉണ്ടായിട്ടുണ്ട്. റഷ്യ കണക്കുകൂട്ടിയതിലും വലിയ തിരിച്ചടിയാണ് യുക്രെയ്ൻ്റെ ഭാഗത്ത് നിന്നുണ്ടായത്. താൻ വീണ്ടും അധികാരത്തിൽ എത്തിയാൽ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here