ഇംഗ്ലണ്ടിലും ‘ട്രംപ് മോഡൽ’ കുടിയൊഴിപ്പിക്കൽ; അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാർക്ക് ‘പണി’ കിട്ടുന്ന ഓരോ വഴികൾ
![](https://www.madhyamasyndicate.com/wp-content/uploads/2025/02/britan.jpg)
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യക്കാർക്ക് ഇംഗ്ലണ്ടിലും ‘പണി’ കിട്ടിത്തുടങ്ങി. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ ട്രംപ് മോഡൽ ഓപ്പറേഷൻ ബ്രിട്ടീഷ് സർക്കാരും ആരംഭിച്ചു. റസ്റ്ററൻ്റുകളിലും ഇടത്തരം ഷോപ്പിംഗ് മാളുകളിലും, കാർ വാഷിംഗ് സെൻ്ററുകളിലും മറ്റും ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി പോലീസ് വ്യാപക റെയ്ഡുകൾ തുടങ്ങി.
ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി യെവറ്റ് കൂപ്പർ നേരിട്ടാണ് കുടിയൊഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. വിവിധ റസ്റ്റൊറന്റുകള്‍ ഉള്‍പ്പെടെ 828 കേന്ദ്രങ്ങളില്‍ ഇമിഗ്രേഷന്‍ എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾ റെയ്ഡ് നടത്തിയതായി കൂപ്പര്‍ സ്ഥിരീകരിച്ചു. റെയ്ഡുകളില്‍ 609 പേരെ അറസ്റ്റ് ചെയ്തതായും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് 73 ശതമാനം കൂടുതലാണെന്നും ആഭ്യന്തര സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.
കുടിയേറ്റ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് റെയ്ഡുകൾ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ പറഞ്ഞു. ഏറെക്കാലമായി തൊഴിലുടമകള്‍ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുകയും അവരെ ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ നടപടിയൊന്നും ഇല്ലാത്തതിനാല്‍ നിരവധി പേര്‍ക്ക് ഇങ്ങനെ രാജ്യത്ത് വരാനും അനധികൃതമായി ജോലിചെയ്യാനും കഴിഞ്ഞെന്നും ഹോം സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞമാസം വിവിധ റസ്റ്ററന്റുകളിലും കഫെകളിലും ഉള്‍പ്പെടെ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ഹംബര്‍സൈഡിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റിലും റെയ്ഡ് നടന്നു. ഇവിടെനിന്ന് മാത്രം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് നാടുകടത്തുന്ന വീഡിയോയും കഴിഞ്ഞദിവസം യു.കെ. ആഭ്യന്തരവകുപ്പ് പുറത്തുവിട്ടിരുന്നു.
രാജ്യത്തെ ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച് അനധികൃത കുടിയേറ്റക്കാർ വലിയ ഭീഷണിയാണെന്ന് ഹോം ഓഫീസ് എമിഗ്രേഷൻ കംപ്ലയിൻസ് ഓഫീസർ റിച്ചാർഡ് ജോൺസൺ ബിബിസിയോട് പറഞ്ഞു. അനധികൃത കുടിയേറ്റ തൊഴിലാളികളെ ഉപയോഗിച്ച് പണിയെടുപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 45000 പൗണ്ട് എന്ന കണക്കിൽ പിഴയൊടുക്കേണ്ടി വരുമെന്ന് റിച്ചാർഡ് ജോൺസൺ പറഞ്ഞു.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here