അവധിയും അഭിനന്ദനവും ലഭിക്കാൻ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; മൂന്ന് റെയിൽവേ ജീവനക്കാർ അറസ്റ്റിൽ

അജ്ഞാതര്‍ പാളം തെറ്റിക്കാൻ ശ്രമിച്ചെന്ന് വരുത്തി തീർക്കാൻ ട്രെയിൻ ട്രാക്കിൽ അട്ടിമറിശ്രമം സൃഷ്ടിച്ച മൂന്ന് റെയിൽവേ ജീവനക്കാർ അറസ്റ്റിൽ. സുഭാഷ് പൊദ്ദാർ (39), മനീഷ് മിസ്ത്രി (28), ശുഭം ജയ്‌സ്വാൾ (26) എന്നിവരാണ് ഗുജറാത്തിലെ സൂറത്തിൽ പിടിയിലായത്. ഇവർ റെയിൽവേയുടെ മെയിൻ്റനൻസ് വിഭാഗത്തിലെ ട്രാക്ക്മാൻമാരാണ്. അവധിയും അഭിനന്ദനവും ലഭിക്കാനാണ് ഇത്തരമൊരു ശ്രമം നടത്തിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
ചില അജ്ഞാതർ ട്രെയിനുകൾ പാളം തെറ്റിക്കുന്നതിനായി ഫിഷ് പ്ലേറ്റുകൾ നീക്കം ചെയ്തും നിരവധി ബോൾട്ടുകൾ അഴിച്ചുമാറ്റിയും റെയിൽവേ ട്രാക്കിൽ കൃത്രിമം നടത്തിയതായിട്ടായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. സെപ്റ്റംബർ 21ന് പുലർച്ചെ അഞ്ചരക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോള്‍ അറസ്റ്റിലായ ജീവനക്കാരാണ് മേലുദ്യോഗസ്ഥരെ ആദ്യം അറിയിച്ചത്. തുടർന്ന് കൊസാംബയ്ക്കും കിം സ്റ്റേഷനും ഇടയിൽ നടത്തിയ പരിശോധനയിൽ ട്രാക്കുകളിൽ നിന്ന് ഇലാസ്റ്റിക് ക്ലിപ്പുകളും രണ്ട് ഫിഷ് പ്ലേറ്റുകളും നീക്കം ചെയ്ത് മറ്റൊരു ട്രാക്കിൽ സ്ഥാപിച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു.
മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ട്രാക്കുകളിൽ ഡിറ്റണേറ്ററുകളും ഗ്യാസ് സിലിണ്ടറും കണ്ടെത്തിയതാണ് പ്രതികള്‍ക്ക് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ പ്രേരണയായത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പോലുള്ള കേന്ദ്ര ഏജൻസികൾ ഇടപെടുമ്പോള്‍ ലഭിക്കുന്ന പ്രശസ്തിയും ഇവര്‍ കണക്കുകൂട്ടിയിരുന്നു. തുടക്കത്തില്‍ അവര്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നിരുന്നു. അട്ടിമറി ശ്രമം കണ്ടെത്തിയ മൂന്നു പേർക്കും വലിയ അഭിനന്ദന പ്രവാഹമാണ് തുടക്കത്തില്‍ ലഭിച്ചത് ലഭിച്ചത്.
ക്രമക്കേട് കണ്ടെത്തുന്നതിന് തൊട്ടുമുമ്പ് റൂട്ടിൽ ട്രെയിൻ കടന്നുപോയതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെ പോലീസിന് തോന്നിയ സംശയമാണ് ജീവനക്കാരെ കുടുക്കിയത്. രാത്രി ഡ്യൂട്ടിയിലായിരുന്ന പ്രതികൾ ട്രാക്കിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തിരുന്നു. അതേ ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയ സമയവും അട്ടിമറിശ്രമം കണ്ടെത്തിയതിനുള്ള സമയ ഇടവേളയും വളരെ കുറവായതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ക്ലിപ്പുകളും പ്ലേറ്റുകളും നീക്കംചെയ്യാൻ പരിചയസമ്പർക്കല്ലാതെ കഴിയില്ലെന്ന നിഗമനത്തിൽ പോലീസ് എത്തി.
പോലീസ് ഉദ്യോഗസ്ഥർ മൂവരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ പുലർച്ചെ 2.56 നും 4.57 നും ഇടയിലാണ് ട്രാക്കുകളുടെ തകരാറുള്ള വീഡിയോകൾ ചിത്രീകരിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ട്രാക്ക്മാൻമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. അഭിനന്ദനം ലഭിക്കുന്നതിനും കൂടുതൽ നൈറ്റ് ഡ്യൂട്ടിക്ക് ലഭിക്കുന്നതിനുമാണ് ഇത് ചെയ്തതെന്ന് അവർ വെളിപ്പെടുത്തുകയായിരുന്നു. ഓരോ നൈറ്റ് ഡ്യൂട്ടിക്ക് ശേഷവും തൊട്ടടുത്ത ദിവസം അവധി ലഭിക്കും. കൂടാതെ ജോലിയുള്ള ദിവസം പകൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുമെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here