43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത് കോട്ടയം മെഡിക്കല്‍ കോളജില്‍; യുവാവിന് പുതുജീവന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ 43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കി. യുവാവിന് പുതുജീവന്‍ ലഭിക്കുകയും ചെയ്തു. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തുനിന്നാണ് ട്യൂമര്‍ നീക്കം ചെയ്തത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ടീമിനെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

4 വര്‍ഷം മുമ്പാണ് ജോ ആന്റണിക്ക് ട്യൂമര്‍ വന്നത്. കീമോതെറാപ്പിയാണ് നല്‍കിയത്. ട്യൂമര്‍ വളര്‍ന്നതോടെ യുവാവിന് ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായി. നടക്കാന്‍ പ്രയാസമായി. കൈ അനക്കാനും വയ്യാത്ത അവസ്ഥ വന്നു. വെല്ലൂര്‍, മണിപ്പാല്‍ ആശുപത്രികളില്‍ പോയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി ഡോ. ജയകുമാറിനെ കണ്ട് മകന്റെ ദയനീയാവസ്ഥ വിവരിച്ചത്. അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു. കൈക്ക് ചെറിയ സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ മാറ്റിയെടുക്കാനാകുമെന്ന് ഡോ. ജയകുമാര്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top