‘കണ്ണൂര്‍ സ്‌ക്വാഡ്’ വീഴുമോ ‘ടര്‍ബോ’യ്ക്ക് മുന്നില്‍?; മമ്മൂട്ടിച്ചിത്രം മത്സരിക്കുന്നത് മമ്മൂട്ടിയോട് തന്നെ; വിദേശ ബോക്സ് ഓഫീസില്‍ നേര്‍ക്കുനേര്‍

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ ആക്ഷന്‍-കോമഡി ചിത്രം ടര്‍ബോ ഇതോടകം സൂപ്പര്‍ഹിറ്റ് എന്ന ടാഗ് നേടിക്കഴിഞ്ഞു. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും അത് ബോക്സ് ഓഫീസ് പ്രകടനത്തെ ഒട്ടും ബാധിച്ചില്ല. റിലീസ് ചെയ്ത് ആദ്യ 12 ദിവസം പൂര്‍ത്തിയാകുമ്പോള്‍, ആഗോളതലത്തില്‍ 70 കോടി ക്ലബ്ബിലേക്കുള്ള കുതിപ്പിലാണ്. ഇതിനു പുറമെ, വിദേശ ബോക്സ് ഓഫീസില്‍ മമ്മൂട്ടിയുടെ തന്നെ കണ്ണൂര്‍ സ്‌ക്വാഡിനെ ടര്‍ബോ മറികടക്കുമോ എന്നതാണ് അടുത്ത ചോദ്യം.
സംസ്ഥാനത്ത് മഴ കനത്തതോടെ ടര്‍ബോ, കേരള ബോക്സ് ഓഫീസില്‍ അല്‍പ്പം മന്ദഗതിയിലായെങ്കിലും ചിത്രം ഇതോടകം ബോക്സ് ഓഫീസില്‍ 30 കോടി നേടിക്കഴിഞ്ഞു. ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ ഉടന്‍ തന്നെ 70 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ഏകദേശം 68.7 കോടി രൂപ ആഗോളതലത്തില്‍ ടര്‍ബോ നേടിയെന്നാണ് റിപ്പോര്‍ട്ട്. മെഗാസ്റ്റാറിന്റെ മുന്‍ റിലീസായ ഭ്രമയുഗത്തിന്റെ ലൈഫ് ടൈം ബോക്സ് ഓഫീസ് കളക്ഷനെ ചിത്രം ഇതിനകം മറികടന്നു.
2023-ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ കണ്ണൂര്‍ സ്‌ക്വാഡിനെ വിദേശ ബോക്സ് ഓഫീസില്‍ പരാജയപ്പെടുത്താന്‍ വൈശാഖ് സംവിധാനം ഒരുങ്ങുന്നു എന്നതാണ് ശ്രദ്ധേയം. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് വിദേശ ബോക്സ് ഓഫീസില്‍ നിന്ന് 34.25 കോടി രൂപ നേടിയിരുന്നു. എന്നാല്‍ റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിദേശ ബോക്സ് ഓഫീസില്‍ നിന്നുള്ള ടര്‍ബോയുടെ നേട്ടം 32 കോടിയിലധികമാണ്. ഇതേ കുതിപ്പ് തുടര്‍ന്നാല്‍, മൂന്നാം വാരാന്ത്യത്തോടെ ആഗോള ബോക്സ് ഓഫീസില്‍ ടര്‍ബോ 75 കോടി മറികടക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here