‘മഞ്ഞുമ്മൽ ബോയ്സ്’ ലാഭത്തെച്ചൊല്ലി തർക്കം; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് എറണാകുളം സബ് കോടതി; സൗബിൻ അടക്കം നിർമാതാക്കൾക്ക് നോട്ടീസ് അയച്ചു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും നാൽപതുകോടി രൂപയുടെ അക്കൗണ്ട് ആണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. ചിത്രത്തിന്റെ നിർമാണത്തിന് ഏഴുകോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

നാൽപത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിർമാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നാണ് ഹർജി. സിനിമ ഇതുവരെ ആഗോളതലത്തിൽ 220 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നായി 20 കോടിയോളം നേടിയെന്നും ഹർജിയിൽ പറയുന്നു. നിർമാതാക്കൾ യാതൊരു തുകയും ചിലവാക്കിയിട്ടില്ലെന്നും സിനിമക്ക് നിർമാണ ചിലവ് ആകെ 22 കോടി രൂപ വരുമെന്ന് പറഞ്ഞാണ് തൻ്റെ പക്കൽനിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

മലയാളത്തിൽ സമീപകാലത്ത് ഇറങ്ങിയതിൽ ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിൽ മാത്രമല്ല തമിഴ് അടക്കം ഇതര ഭാഷകളിലും വൻ ഹിറ്റ് ആണ് സിനിമ. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താതെയും അവിടെ വമ്പൻ ഹിറ്റാകുന്നുവെന്ന അപൂർവനേട്ടമാണ് ഈ സിനിമക്ക് ഉണ്ടായത്. സാധാരണ പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു മഞ്ഞുമ്മൽ ബോയ്സ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top