തുവ്വൂർ കൊലപാതകം: കൊല്ലപ്പെട്ടത് സുജിത തന്നെ

വണ്ടൂർ തുവ്വൂരില്‍ കൊല്ലപ്പെട്ടത് കാണാതായ യുവതി സുജിത തന്നെയെന്ന് മൊഴി. കൊലപാതകത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വീട്ടില്‍വച്ചാണ് സുജിതയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പ്രതി വിഷ്ണു മൊഴി നൽകി. അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവർ കൊലപാതകത്തിൽ വിഷ്ണുവിനെ സഹായിച്ചു.

തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്ണു എന്ന യുവാവിന്‍റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സുജിതയുടെ ആഭരണങ്ങള്‍ വിഷ്ണു വിറ്റതായും സൂചനയുണ്ട്.  മൃതദേഹം ഫോറൻസിക് വിഭാഗം ഇന്ന് പുറത്തെടുക്കും.

കഴിഞ്ഞ മാസം 11നാണ് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത (35) യെ കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരൻ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ വീടിന് പിൻഭാഗത്ത് കുഴിച്ചിട്ട മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതുമണിയോടെ മൃതദേഹം കണ്ടെത്തിയെങ്കിലും പൂർണമായി പുറത്തെടുക്കാനായില്ല. പ്രതി വിഷ്ണു നേരത്തെ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു.

വിഷ്ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. സുജിത വിഷ്ണുവിനു പണം നല്‍കിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കവുമുണ്ടായി. വിഷ്ണുവിന്റെ വീട്ടിൽ വെച്ചു ശ്വാസം മുട്ടിച്ച് സുജിതയെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കി. പിന്നീട് അച്ഛന്റെയും സഹോദരങ്ങളുടെയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നു. എട്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വിറ്റതായുമാണ് വിവരം.

കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തിയെന്നാണു പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴി. കൊലയ്ക്കുശേഷം ജിഷ്ണുവിന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ മൃതദേഹം തള്ളി. ഇതിനുമുകളില്‍ മണ്ണും മെറ്റലും എംസാൻഡും ഇടുകയും ചെയ്തു. ഇത് അലക്കുകല്ല് നിര്‍മിക്കാൻ കൊണ്ടുവന്നതാണെന്നാണ് നേരത്തെ ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ പറഞ്ഞത്.

എന്നാല്‍, സംശയം തോന്നി പൊലീസ് എംസാൻഡും മെറ്റലും നീക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു മൃതദേഹം കാണുന്നത്. ഇതില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നീക്കം നിര്‍ത്തിവച്ചു. ഇന്ന് ഫോറൻസിക് സംഘമെത്തി തുടര്‍നടപടികള്‍ നടത്താനാണു തീരുമാനം.

സുജിതയുടെ ഫോണില്‍ അവസാനമായി വിളിച്ചത് വിഷ്ണു ആയിരുന്നു. ഇതില്‍നിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. എന്നാല്‍, ചോദ്യം ചെയ്തപ്പോള്‍ 10,000 രൂപ ആവശ്യപ്പെട്ട് സുജിത വിളിച്ചിരുന്നുവെന്നും ഇതിനു വേണ്ടിയായിരുന്നു കോളെന്നുമാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് ഇരുവരുടെയും അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ സുജിതയുടെ അക്കൗണ്ടില്‍ നിന്നും 40,000 രൂപ കണ്ടെത്തി. വിഷ്ണുവിന്റെ അക്കൗണ്ടില്‍ കാര്യമായ പണവുമുണ്ടായിരുന്നില്ല. ഇതിനിടെ ഇയാളുടെ സഹോദരനെ ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

Logo
X
Top