ടിവി രാജേഷിന് ചരിത്രദൗത്യം; കണ്ണൂരിനൊപ്പം വടകരയിലും വിജയം അനിവാര്യം; ഇരുസീറ്റും പിടിക്കാനായാൽ ജില്ലാ സെക്രട്ടറി കസേരയിലെ ഇരുപ്പുറച്ചേക്കും

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതലയിൽ ടിവി രാജേഷ് എത്തുമ്പോള്‍ യുവ നേതാവിന് മുന്നിലുള്ളത് രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുകയെന്ന ചരിത്രദൗത്യം. കണ്ണൂരിലും വടകരയിലും സിപിഎം ജയിച്ചുകയറിയാല്‍ അത് താല്‍കാലിക സെക്രട്ടറിയുടെ സംഘടനാ മികവിന് തെളിവായി മാറും. പിന്നെ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലെ കരുത്തനായി ടിവി രാജേഷ് മാറിയാലും അത്ഭുതപ്പെടാനില്ല. കണ്ണൂരില്‍ എംവി ജയരാജന്‍ ജയിച്ചാല്‍ അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയും. പകരക്കാരായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷും മുഖ്യമന്ത്രിയുടെ പോളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമുണ്ട്. എന്നാല്‍ കണ്ണൂരില്‍ ഡബിള്‍ നേടിയാല്‍ ടിവി രാജേഷിനേയും ഈ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കേണ്ടി വരും.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ് ടിവി രാജേഷ്. പരിയാരം കുളപ്പുറം സ്വദേശിയാണ്. രണ്ടുതവണ കല്യാശേരി മണ്ഡലത്തില്‍ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പയ്യന്നൂരില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടായിരുന്ന കാലത്ത് ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ മാറ്റി ടിവി രാജേഷിനെയാണ് പാര്‍ട്ടി ആക്ടിങ് സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചത്. ഇത്തവണ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടിവി രാജേഷിന്റെ പേരും ഉയര്‍ന്നിരുന്നുവെങ്കിലും അവസാന നിമിഷം നിലവിലെ ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനെ പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. പകരമാണ് കണ്ണൂർ ജില്ലയുടെ താല്‍കാലിക ചുമതല നൽകുന്നത്. പിണറായി പക്ഷത്തെ യുവ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ടിവി രാജേഷ്. പരിയാരത്തെ പ്രതിസന്ധിയെ സിപിഎം മറികടന്നത് രാജേഷിന്റെ നയതന്ത്രത്തിലാണ്. അതുകൊണ്ടു കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരേയും ചേർത്ത് നിര്‍ത്തി കൊണ്ടുപോകേണ്ട ഉത്തരവാദിത്തവും രാജേഷിന് നല്‍കുന്നത്.

വടകരയില്‍ സിപിഎമ്മിനായി മത്സരിക്കുന്നത് ശൈലജ ടീച്ചറാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ മണ്ഡലത്തില്‍ സിപിഎമ്മിന് വലിയ സ്വാധീനമുണ്ട്. എന്നാല്‍ ടിപി ചന്ദ്രശേഖരന്റെ മരണത്തിന് ശേഷം ലോക്‌സഭയില്‍ ജയിക്കാനായില്ല. ഇത്തവണ ശൈലജ ടീച്ചറിലൂടെ ഈ പഴയ കോട്ട പിടിക്കുകയാണ് ലക്ഷ്യം. കണ്ണൂരില്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല രാജേഷിനെ ഏൽപിച്ച് എംവി ജയരാജനും ഇറങ്ങുന്നത് വിജയം ഉറപ്പിക്കനാണ്. കെ സുധാകരനാണ് സിറ്റിംഗ് എംപി. സുധാകരന്‍ മത്സരിച്ചാലും ഇല്ലെങ്കിലും ഉശിരുള്ള പോരാട്ടത്തിലൂടെ ജയിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. ഇതിന് വേണ്ടിയാണ് എല്ലാ ഗ്രൂപ്പുകളിലും സ്വാധീനമുള്ള എംവി ജയരാജനെ തന്നെ സെക്രട്ടറിയായി നിയോഗിക്കുന്നത്. ടിവി രാജേഷും എംവിയുമായും നല്ല അടുപ്പത്തിലാണ്. അതുകൊണ്ടാണ് ആക്ടിങ് സെക്രട്ടറി പദം കിട്ടുന്നത്.

എംവി ജയരാജന്‍ ജയിച്ചാല്‍ കണ്ണൂരില്‍ പിണറായി പിടിമുറുക്കാന്‍ ശ്രമിക്കും. അങ്ങനെ വരുമ്പോള്‍ കെകെ രാഗേഷിനും പി ശശിയ്ക്കും സാധ്യത കൂടും. അപ്പോഴും കണ്ണൂരിലെ രണ്ട് ലോക്‌സഭാ മണ്ഡലത്തിലും ജയിച്ച ആക്ടിങ് സെക്രട്ടറിയെ പൂര്‍ണ്ണമായും കൈവിടാന്‍ കഴിയുകയുമില്ല. കണ്ണൂരില്‍ പിണറായിയെ പോലെ പല ഘടകങ്ങളുണ്ട്. പിണറായി ആണ് കരുത്തനെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇടതു കണ്‍വീനര്‍ ഇപി ജയരാജന്‍ എന്നിവരെല്ലാം സ്വാധീന ശക്തികളാണ്. ഇവരുടെ കൂടി നിലപാടുകള്‍ കണ്ണൂരിലെ പാര്‍ട്ടി സെക്രട്ടറിയില്‍ പ്രതിഫലിക്കും. അങ്ങനെ വരുമ്പോള്‍ ടിവി രാജേഷിനും സാധ്യത കൂടും. എല്ലാം കണ്ണൂരിലെ എംവി ജയരാജന്റെ വിജയത്തിനെ അടിസ്ഥാനമാക്കിയായിരിക്കും.

2019ല്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ പി ജയരാജന്‍ മല്‍സരിക്കുന്ന വേളയിലാണ് എംവി ജയരാനെ ജില്ല ആക്ടിങ് സെക്രട്ടറിയായി നിയമിച്ചത്. തുടര്‍ന്ന് നടന്ന ജില്ല സമ്മേളനത്തില്‍ ഇദ്ദേഹം സെക്രട്ടറിയായി. കഴിഞ്ഞ തവണ വടകരയില്‍ മത്സരിക്കാന്‍ പി ജയരാജനെ നിയോഗിച്ചപ്പോള്‍ തന്നെ എംവിയെ മുഴുവന്‍ സമയ സെക്രട്ടറിയാക്കി. വടകര മണ്ഡലം കോഴിക്കോട് ജില്ലയിലേക്ക് കൂടി വ്യാപിച്ചു കിടക്കുന്നതിനാലായിരുന്നു അത്. ഇത്തവണ കണ്ണൂരിനുള്ളില്‍ തന്നെ എംവിയുണ്ടാകും. അതുകൊണ്ടാണ് ടിവി രാജേഷിന് താല്‍കാലിക ചുമതല മാത്രമായി നല്‍കുന്നത്. പക്ഷേ ഏറെ കരുതലെടുക്കേണ്ട സമയമാണ് ഇത്. പ്രചരണ ചൂടില്‍ പാര്‍ട്ടി കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എംവിക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ മാസങ്ങള്‍ക്ക് വേണ്ടിയുള്ളതാണെങ്കിലും രാജേഷിന് പിടിപ്പത് പണി കണ്ണൂരിലെ ജില്ലാ കമ്മറ്റി ഓഫീസിലുണ്ടാകും.

ശനിയാഴ്ച്ച ചേര്‍ന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റിയോഗത്തില്‍ നേതാക്കളില്‍ ഭൂരിപക്ഷവും ടിവി രാജേഷിന്റെ പേരിനോടാണ് യോജിച്ചത്. എംവി ഗോവിന്ദനും ഇപി ജയരാനുമെല്ലാം ടിവിയെ തന്നെയാണ് മുമ്പോട്ട് വച്ചത്. എസ്എഫ്ഐയുടേയും ഡിവൈഎഫ്ഐയുടേയും സംസ്ഥാന സംഘടനാ ചുമതലകള്‍ നന്നായി നിര്‍വ്വഹിച്ച ടിവി രാജേഷിന് കണ്ണൂരിലും സിപിഎമ്മിനെ ലോക്‌സഭാ ജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top