പരസ്യംവഴി തെറ്റിദ്ധരിപ്പിച്ച് ടിവി വിറ്റു; ആൻഡ്രോയ്ഡ് ടിവി കമ്പനികൾക്ക് പിഴയടിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി

കൊച്ചി: ഹോം തീയേറ്ററിൽ ഉപയോഗിക്കാൻ പറ്റിയ 4K റെസല്യൂഷനുള്ള ആൻഡ്രോയിഡ് ടിവിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ എറണാകുളം ജില്ല ഉപഭോക്തൃ കോടതി വിധി. ബെംഗളുരുവിലെ റിഡാക്സ് ഇൻഫോമാറ്റിക് സിസ്റ്റം സർവീസ്, ഗോട്ട് മാറ്റർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് വിധി വന്നത്. കാലടി സ്വദേശി അഡ്വ.ജോൺ പ്രകാശ് ബാവക്കാട്ട് നല്‍കിയ പരാതിയിലാണ് നടപടി.

കോടതി നിയോഗിച്ച വിദഗ്ധൻ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും വീഴ്ച വന്നുവെന്ന് ബോധ്യമായതോടെയാണ് ഡി.ബി.ബിനു അധ്യക്ഷനായ ഉപഭോക്തൃ കോടതി സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടത്. യൂട്യൂബ്, നെറ്റ്ഫ്ലിക്സ് പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ ടിവി അല്ലെന്നും 4K ടിവിക്ക് വേണ്ട റെസല്യൂഷന്‍ ഈ ടിവിക്ക് ഇല്ലെന്നുമാണ് വിദഗ്ധന്‍ റിപ്പോര്‍ട്ട് നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ നല്‍കിയ പരസ്യം വിശ്വസിച്ച് 55 ഇഞ്ചുള്ള റിഡാക്സ് ടിവിയാണ് പരാതിക്കാരന്‍ വാങ്ങിയത്. 42,000 രൂപയാണ് ഇതിന്റെ വില. ഹോം തീയറ്ററിൽ ഉപയോഗിക്കാൻ പറ്റിയ ക്വാളിറ്റി ഉണ്ടെന്ന് ഉപഭോക്താവിനെ വിശ്വസിപ്പിച്ചാണ് എതിർകക്ഷികൾ ടിവി വിറ്റത്. എന്നാല്‍ ടിവിക്ക് ആൻഡ്രോയിഡ് സര്‍ട്ടിഫിക്കേഷന്‍ ഇല്ലെന്നും എച്ച്ഡി ക്വാളിറ്റിയുള്ള ടിവിക്ക് 4k റെസല്യൂഷൻ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും പരാതിക്കാരന്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കമ്പനിക്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ടിവിയുടെ വിലയായ 42,000 രൂപയും നഷ്ടപരിഹാരവും കോടതി ചിലവുമായി 60,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകാനാണ് കോടതി വിധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top