തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള 4 വിമാന സര്‍വീസുകള്‍ റദ്ദാക്കി; യുഎഇയില്‍ മഴ കനക്കുന്നു; വീണ്ടും റെഡ് അലര്‍ട്ട്
തിരുവനന്തപുരം: യുഎഇയില്‍ മഴ കനത്തതോടെ തിരുവനന്തപുരത്ത് നിന്നുള്ള നാല് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്‌സ്, എയർ ഇന്ത്യ വിമാനങ്ങളും ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്. യുഎയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കൊച്ചിയില്‍ നിന്നുള്ള 5 വിമാനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു.
ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും ഇന്‍ഡിഗോയുടെയും കൊച്ചി – ദുബായ് സർവീസുകള്‍, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ് എന്നിവയാണ് നിര്‍ത്തലാക്കിയത്. ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറിയതിനാല്‍ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മുഴുവന്‍ വിമാനങ്ങളും മറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ദുബായില്‍ നിന്ന് ഇന്നലെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. യാത്ര ആരംഭിക്കുന്നതിനു മുന്‍പ് അതത് എയര്‍ലൈനുകളെ ബന്ധപ്പെട്ടാല്‍ സമയം ഉറപ്പാക്കാനാകും. എയര്‍ലൈനുകളുടെ വെബ്‌സൈറ്റില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാണ്.
അതേസമയം ദുബായില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ മഴ ശക്തമാകാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങരുതെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. സ്കൂളുകളില്‍ രണ്ട് ദിവസത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നീട്ടി. 75 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദുബായില്‍ അതിശക്തമായി മഴ പെയ്തത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ 160 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വിമാനത്താവളത്തിന് പുറമെ മെട്രോ സ്റ്റേഷനുകൾ, മാളുകൾ, റോഡുകൾ, വ്യാപാര സ്ഥാനങ്ങൾ എന്നിവയെല്ലാം വെളളത്തിനടയിലായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here