ട്വൻ്റി20 ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ആസൂത്രിത നീക്കത്തിലൂടെ പൂട്ടിച്ചു; നടപടി തിരഞ്ഞെടുപ്പിൻ്റെ പേരിൽ; കുന്നത്തുനാട്ടുകാർക്ക് സർക്കാരിന്റെ വിഷുക്കൈനീട്ടമെന്ന് സാബു എം.ജേക്കബ്

എറണാകുളം: ട്വൻ്റി20യുടെ തുടക്കക്കാലം മുതൽ കിഴക്കമ്പലത്ത് നടത്തിവന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ആസൂത്രിത നീക്കത്തിലൂടെ സിപിഎം പൂട്ടിച്ചു. കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാം 50 ശതമാനം വിലക്കുറവിൽ വിതരണം ചെയ്തിരുന്ന സ്ഥാപനമാണ് തിരഞ്ഞെടുപ്പിൻ്റെ പേരിൽ പൂട്ടിയിടേണ്ടിവരുന്നത്. നേരത്തെ ന്യായവില മെഡിക്കൽ ഷോപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ പൂട്ടിച്ചെങ്കിലും ട്വൻ്റി20 ഹൈക്കോടതിയിൽ പോയി തുറക്കാൻ അനുമതി നേടി. ഇത്തവണ അതിനുള്ള വഴിയടയ്ക്കാൻ കോടതികളുടെ മധ്യവേനൽ അവധിക്ക് തൊട്ടുതലേന്ന് വരെ കാത്തിരുന്ന് നോട്ടീസ് നൽകുകയായിരുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഏപ്രിൽ രണ്ടാം തീയതി ലഭിച്ച നിർദ്ദേശം പത്തു ദിവസങ്ങൾക്കുശേഷം ഇന്നാണ് ഓർഡർ ആയി നൽകിയത്. ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് നേരിട്ട് ഉത്തരവ് കൈമാറുകയായിരുന്നു. ഇന്നുമുതൽ ഒരുമാസത്തേയ്ക്ക് കോടതികൾ അവധിയാണെന്ന് മനസിലാക്കി മുൻകൂട്ടി ആസൂത്രണം ചെയ്ത് ബോധപൂർവം ഓർഡർ വൈകിപ്പിച്ചത് ആണെന്ന് സാബു എം ജേക്കബ് പറഞ്ഞു. സബ്സിഡി ഇനത്തിൽ നൽകുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വിൽപ്പന ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിർത്തിവെക്കണം എന്നാണ് ജില്ലാ ഇലക്ഷൻ ഓഫീസറും കലക്ടറുമായ എൻ.എസ്.ഉമേഷ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. സിപിഎം പ്രവർത്തകർ പരാതി നൽകിയതിനെ തുടർന്നാണ് കലക്ടറുടെ ഇടപെടലുണ്ടായത്.
ട്വന്റി20 ഭക്ഷ്യസുരക്ഷ മാർക്കറ്റ് പ്രവർത്തനം ആരഭിച്ച ശേഷം 2015 മുതൽ അഞ്ച് തിരഞ്ഞെടുപ്പുകൾ നടന്നിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന നിയമങ്ങൾ പറഞ്ഞാണ് ഇപ്പോൾ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പൂട്ടിച്ചിരിക്കുന്നത്. ജനങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന സിപിഎം നിലപാടിനെതിരെ ജനങ്ങളെ സംഘടിപ്പി ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിൻ്റെ കുടിപ്പക മാത്രമാണ് കാരണം. കുന്നത്തുനാട്ടിലെ ജനങ്ങൾക്കുള്ള പിണറായി സർക്കാരിന്റെ വിഷുക്കൈനീട്ടമാണ് ഇതെന്നും സാബു എം ജേക്കബ് ആരോപിച്ചു.
2015ൽ പഞ്ചായത്ത് ഭരണം പിടിക്കുന്നതിന് മുൻപേ ട്വന്റി20 കിഴക്കമ്പലത്ത് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വിജയം പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ വിറളിപിടിപ്പിച്ചിട്ടുണ്ട്. സാബു എം ജേക്കബിൻ്റെ ഉടമസ്ഥതയിലുള്ള കിറ്റക്സ് കുട്ടികളുടെ വസ്ത്ര നിർമ്മാണ രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡായി മാറിക്കഴിഞ്ഞു. 2015ൽ നടന്ന തിരഞ്ഞെടുപ്പിലാണ് ട്വൻ്റി20 കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 19 സീറ്റിൽ 17 എണ്ണം നേടി. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു കോർപ്പറേറ്റ് സ്ഥാപനം പഞ്ചായത്തിൻ്റെ ഭരണം കയ്യാളുന്നത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിന് പുറമെ കുന്നത്തുനാട്, ഐക്കരനാട്, മുഴുവന്നൂർ എന്നീ പഞ്ചായത്തുകളുടെ ഭരണവും ട്വൻ്റി20ക്ക് കിട്ടി. സംസ്ഥാനം ഭരിക്കുന്ന സിപിഎം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ട്വൻ്റി20യുമായി നേർക്കുനേർ യുദ്ധത്തിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here