തമിഴ്‌നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു, മുത്തുശരവണന്‍, സണ്‍ഡേ സതീഷ് എന്നിവരാണ് മരിച്ചത്

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലില്‍ രണ്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതികളായ മുത്തുശരവണന്‍, സണ്‍ഡേ സതീഷ് എന്നിവരാണ് വെടിയേറ്റ് മരിച്ചത്.
തമിഴ്നാട് തിരുവള്ളൂർ സോലവാരത്തിനടുത്ത് ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ആവടി പൊലീസും ഗുണ്ടകളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ച് വെടിവച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം. മരിച്ച മുത്തുശരവണൻ അണ്ണാ ഡിഎംകെ നേതാവ് പാര്‍ഥിപനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
ഇരുവർക്കും വേണ്ടി പൊലീസ് തിരച്ചിൽ നടത്തി വരുകയായിരുന്നു. ഇതേതുടർന്ന് കിട്ടിയ വിവരത്തിലാണ് പ്രതികൾ തിരുവള്ളൂരിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലുണ്ടെന്നു കണ്ടെത്തിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സതീഷ് കൈവശമുണ്ടായിരുന്ന വ്യാജ തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. ഇതോടെ പൊലീസ് സംഘം തിരികെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പിൽ സതീഷിന്റെ തലയ്ക്കും മുത്തുശരവണന്റെ നെഞ്ചിലുമാണ് വെടിയേറ്റത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇതിൽ മുത്തുശരവണന്റെ പേരിൽ ആറു കൊലക്കേസ് ഉൾപ്പെടെ 13 കേസുകളും സതീഷിന്റെ പേരിൽ ഏഴു കേസുകളുമുണ്ട്.
ഏറ്റുമുട്ടലിൽ മൂന്നു പൊലീസുകാർക്കും പരുക്കേറ്റു. കൃഷ്ണമൂർത്തി, പ്രഭു, രാജേഷ് എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here