ബാക്ട്രിയൻ ഒട്ടകങ്ങളെയും പട്ടാളത്തിലെടുത്തു; ലഡാക്ക്-ലേ മേഖലകളിലെ പ്രധാന തിരിച്ചടിക്കുള്ള പ്രകൃതിദത്ത പരിഹാരം

ലഡാക്കിലെയും ലേയിലെയും കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ബദൽ സൈനിക സംവിധാനം ഒരുക്കി ഇന്ത്യൻ സൈന്യം. ഉയർന്ന ഉയരവും പ്രവചനാതീതമായ കാലാവസ്ഥയും കാരണം പലപ്പോഴും സൈന്യത്തിന് വേണ്ട അവശ്യ സാധനങ്ങളെത്തിക്കാനും പ്രദേശത്ത് പട്രോളിംഗ് നടത്താനും മോട്ടോർ വാഹനങ്ങൾവഴി കഴിയാറില്ല. അതിനാൽ ഈ സാഹചര്യമൊഴിവാക്കാൻ പ്രക്യതിദത്തമായ ഒരു മാർഗം കണ്ടു പിടിച്ചിരിക്കുകയാണ്.

ബാക്ട്രിയൻ ഒട്ടകങ്ങൾ എന്നറിയപ്പെടുന്ന ഇരട്ട കൂനുള്ള കാട്ട് ഒട്ടകങ്ങളെയാണ് പരിഹാരമായി കണ്ടെത്തിയിരിക്കുന്നത്. ബാക്ട്രിയൻ ഒട്ടകങ്ങൾക്ക് കൃത്യമായ പരിശീലനം നൽകിയാണ് പ്രതിസന്ധി സൈന്യം മറികടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കാട്ടു ഒട്ടകങ്ങളെ അനുസരണയുള്ള മൃഗങ്ങളാക്കാൻഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ചാണ് (ഡിഹാർ) പരിശീലനം നൽകുന്നത്.

നല്ല കരുത്തും ശാരീരിക ക്ഷമതയുമുള്ള മൃഗമാണ് ബാക്ട്രിയൻ ഒട്ടകം. ഉയർന്ന ഉയരങ്ങളിൽ മർദ്ദവ്യത്യാസം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ ഇവയ്ക്ക് കഴിയും. ദീർഘകാലത്തേക്കുള്ള ഭക്ഷണം ശരീരത്തിൽ സംഭരിക്കാനുള്ള കഴിവും മറ്റൊരു പ്രത്യേകയാണ്. രണ്ടാഴ്ചയോളം ഭക്ഷണം കഴിക്കാതെ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇവയ്ക്കാകും. മധ്യേഷ്യയിൽ വലിയ ഭാരം വഹിക്കുന്നതിനായി ഉപയോഗിക്കുന്ന ബാക്ട്രിയൻ ഒട്ടകങ്ങൾക്ക് ഏറ്റവും ഉയരം കൂടിയതും തണുത്തുറഞ്ഞതുമായ പ്രദേശങ്ങളിൽ പോലും 150 കിലോഗ്രാമിലധികം വഹിക്കാനുള്ള ശേഷിയുണ്ട്.


“ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് പട്ട് എത്തിച്ചിരുന്ന ഹിമാലയത്തിലെ സിൽക്ക് പാതയിൽ വ്യാപാര ആവശ്യങ്ങൾക്കായി ഇരട്ട കൂനുള്ള ഒട്ടകങ്ങളെ ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് ഇത്തരം ഒട്ടകങ്ങളെ മെരുക്കുന്ന രീതി ഇന്ത്യയിൽ അന്യം നിന്നു പോകുകയായിരുന്നു” – ലഡാക്ക് -ലേ റിമൗണ്ട് വെറ്ററിനറി കോർപ്സിലെ കേണൽ രവികാന്ത് ശർമ്മ പറഞ്ഞു. തന്ത്രപ്രധാനമായ ഈ പ്രേദേശത്ത് നിരവധി സൈനിക ആവശ്യങ്ങൾക്ക് ഈ ഇരട്ട കൂനൻ ഒട്ടകങ്ങൾ വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തണുപ്പ് കാലത്ത് മഞ്ഞ് മൂടിയും മണ്ണിടിച്ചിൽ മൂലവും സൈനിക കേന്ദ്രങ്ങളുമായുള ബന്ധം നഷ്ടപ്പെടും. ഡ്രോണുകൾ, ക്വാഡ്‌കോപ്റ്ററുകൾ, വാഹനങ്ങൾ എന്നിവ ഉപയോഗിക്കാൻ കഴിയാത്ത തണുത്തുറഞ്ഞ ഉയരം കൂടിയ പ്രദേശങ്ങളിൽ ഇത്തരം മൃഗങ്ങളുടെ സേവനം വളരെയധികം ഗുണം ചെയ്യും. “ആർമിയുടെ 14 കോർപ്സിൻ്റെ ആസ്ഥാനത്ത് നിന്നുള്ള അഭ്യർത്ഥന പ്രകാരം സൺസ്‌കാർ പോണികൾക്ക് സമാനമായി പട്രോളിംഗിനായി രണ്ട് കൂനുള്ള ഒട്ടകങ്ങളെ ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ പരീക്ഷണം നടത്തിവരികയാണ്. പ്രാരംഭഘട്ടം വിജയകരമായി പൂർത്തിയാക്കി” -ഡിഹാർ ഡയറക്ടർ ഡോ ഓം പ്രകാശ് ചൗരസ്യ പറഞ്ഞു.


ലഡാക്ക് മേഖലയിൽ 1999-ലെ കാർഗിൽ യുദ്ധം മുതൽ സാൻസ്കർ പോണികളെ (ചെറിയ പർവത കുതിര) സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്നുണ്ട്. കാർഗിൽ ജില്ലയിലെ സൻസ്കർ താഴ് വരയിലാണ് ഇവയെ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്ത്. ബാക്ട്രിയൻ ഒട്ടകങ്ങളിൽ ഇതേ ആവശ്യത്തിനായി നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ വിജയിച്ചു കഴിഞ്ഞു. ഒട്ടകങ്ങളുടെ ഉപയോഗം പ്രാദേശിക ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഈ മൃഗത്തിൻ്റെ സംരക്ഷണത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top