സ്കൂൾ വെടിവയ്പില്‍ രണ്ടന്വേഷണം; പ്രതി മാനസിക രോഗിയെന്ന് പോലീസ്

തൃശ്ശൂർ: വിവേകോദയം സ്കൂളിൽ എയർ ഗണ്ണുമായി പൂർവ വിദ്യാർത്ഥി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

അതേസമയം, സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പ് നടത്തിയ പൂർവ വിദ്യാർത്ഥി മുളയം തടത്തിൽ വീട്ടിൽ ജഗനെതിരെ തൃശ്ശൂർ പോലീസ് കേസെടുത്തു. അതിക്രമിച്ച കയറൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഐപിസി 448, 506 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഇന്നുതന്നെ ഹാജരാക്കുമെന്ന് ത‍ൃശൂർ ഈസ്റ്റ് പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പ്രതി മാനസിക പ്രശ്നങ്ങൾ നേരിടുന്നയാളാണ്. അതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകുമെന്നും പോലീസ് അറിയിച്ചു.

തൃശ്ശൂർ നഗരത്തിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിവേകോദയം സ്കൂളിൽ രാവിലെ 11 മണിയോടെയാണ് സംഭവം. ഒരു അധ്യാപകനെ അന്വേഷിച്ചാണ് ജഗൻ സ്കൂളിലെത്തിയത്. താൻ അന്വേഷിച്ചെത്തിയ ആളിനെ കാണാതെ വന്ന​തോടെ എയർഗണ്ണുമായി സ്​റ്റാഫ്​ റൂമിൽ കയറി പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം​ ക്ലാസ്​ മുറിയിലെത്തിയ ജഗൻ വിദ്യാർത്ഥികൾക്ക് നേരെ തോക്ക് ചൂണ്ടുകയും മുകളിലേക്ക്​ മൂന്ന് തവണ വെടിയുതിർക്കുകയും ചെയ്തു. തന്റെ ഭാവി സ്‌കൂള്‍ നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു യുവാവ് ബാഗില്‍ നിന്ന് തോക്കെടുത്തത്.

സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് എത്തിയതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും അധ്യാപകരും ചേർന്നാണ് പിടികൂടിയത്. പ്രതി സ്റ്റാഫ് റൂമിലെത്തി ഭീഷണി മുഴക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വിവേകോദയം സ്കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിയാണ് ജഗനെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

സംഭവത്തിന് ശേഷം ജില്ലാ കളക്ടർ കൃഷ്ണ തേജ സ്കൂളിലെത്തി സ്കൂൾ അധികൃതരോട് വിശദവിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഒരു യുവാവ് സ്കൂളിലെത്തി ക്ലാസ് റൂമിൽ മൂന്ന് തവണ വെടിയുതിർത്തു. മാനസിക നില തെറ്റിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉടനെ ഡോക്ടറുടെ മുന്നിൽ ഹാജരാക്കും. അതിന് ശേഷമാകും കേസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ തീരുമാനിക്കുക. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്” -തൃശ്ശൂർ ജില്ലാ കളക്ടർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top