നൂറ്റാണ്ട് പഴക്കമുള്ള ക്രിസ്ത്യൻ പള്ളി വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ; തട്ടിപ്പ്‌ വ്യാജരേഖ ചമച്ച്

വന്ന് വന്ന് ദൈവത്തിനും ദേവാലയങ്ങൾക്കും പോലും കള്ളന്മാരില്‍ നിന്നും രക്ഷയില്ലാത്ത കാലമായി. നൂറ്റാണ്ടിലധികം പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയും സ്ഥലവും മറിച്ച് വിറ്റ് കാശടിക്കാൻ നോക്കിയ സംഘം പിടിയിൽ. പഞ്ചാബിലാണ് സംഭവം.

ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) സഭയുടെ ഉടമസ്ഥതയിൽ ജലന്തർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗോലക് നാഥ് മെമ്മോറിയൽ ചർച്ചും അതിനോടനുബന്ധിച്ച ഒന്നര ഏക്കർ സ്ഥലവും വിൽക്കാൻ ശ്രമിച്ച രണ്ട് പേരാണ് അറസ്റ്റിലായത്. പള്ളി ഭാരവാഹികൾ എന്ന വ്യാജേനയാണ് വില്പനയ്ക്കു ശ്രമിച്ചത്. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന 129 വർഷം പഴക്കമുള്ള പള്ളി കെട്ടിടവും ഒന്നരയേക്കർ സ്ഥലവും ഉൾപ്പടെ വിൽക്കാൻ ഒരാളിൽ നിന്ന് ജോർഡൻ മാഷി, മേരി വിൽസൺ എന്നിവർ അഞ്ച് ലക്ഷം രൂപ അഡ്വാൻസും വാങ്ങി.

പള്ളിയുടെ ട്രഷററും കമ്മറ്റി അംഗവുമാണെന്ന വ്യാജേനയാണ് ഇവർ ഇടപാട് നടത്തിയത്. ഇത്തരമൊരു കള്ളക്കച്ചവടം നടക്കാനിടയുണ്ടെന്ന് ചില സൂചനകൾ നേരത്തെ ലഭിച്ചിരുന്നതുകൊണ്ട് യുണൈറ്റഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യ പ്രസിഡൻ്റ് സൻവർ ഭട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിൻ്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ഈ മാസം 10ന് രണ്ട് തട്ടിപ്പുകാരെയും പൊക്കി. മാർക്കറ്റ് വില അനുസരിച്ച് 150 കോടിയിലധികം വില വരുന്ന കെട്ടിടവും വസ്തുവകകളുമാണ് വ്യാജരേഖകൾ ചമച്ച് അഞ്ച് കോടിക്ക് വിറ്റഴിക്കാൻ ശ്രമിച്ചത് .

പഞ്ചാബിലെ ആദ്യ ക്രിസ്ത്യൻ മിഷണറി എന്നറിയപ്പെടുന്ന ഗോലക് നാഥ് ചാറ്റർജിയുടെ പേരിലുള്ള പള്ളിയാണിത്. ബംഗാളി ബ്രാഹ്മണനായ ഗോലക് നാഥ് 1830ലാണ് ക്രിസ്തുമതം സ്വീകരിച്ച് ജലന്തറിലും പരിസര പ്രദേശങ്ങളിലും മതപ്രചരണം നടത്തിയത്. മികച്ച വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു ഗോലക് നാഥ്. അദ്ദേഹത്തിൻ്റെ ശ്രമഫലമായി അക്കാലത്ത് ധാരാളം കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനിടയായി.

പഞ്ചാബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ഗോലക് നാഥായിരുന്നു. 1895ലാണ് റവറൻ്റ് ഗോലക് നാഥിൻ്റെ ഓർമ്മയ്ക്കായി പളളി സ്ഥാപിക്കാൻ തീരുമാനിച്ചതും തറക്കല്ലിട്ടതും. നെഹ്റു മന്ത്രിസഭയിലെ അംഗവും രാജ്യത്തെ ആദ്യ വനിത ആരോഗ്യ മന്ത്രിയുമായിരുന്ന രാജ്കുമാരി അമൃത് കൗർ, ഗോലക് നാഥിൻ്റെ കൊച്ചു മകളാണ്.

സ്വാതന്ത്ര്യത്തിന് മുമ്പ് വടക്കേ ഇന്ത്യയിൽ അക്കാലത്തുണ്ടായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മറ്റും ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ അംഗങ്ങളായിരുന്നു. അതു കൊണ്ട് തന്നെ പ്രധാന നഗരങ്ങളിലും മറ്റും ധാരാളം വസ്തുവകകളും കെട്ടിടങ്ങളും ഈ സഭയുടെ പേരിലുണ്ട്. സഭാ സ്വത്തുക്കളുടെ പേരിൽ മിക്കയിടങ്ങളിലും കേസും മറ്റും നടക്കുന്നത് പതിവാണ്. ഈ അവസരം മുതലാക്കിയാണ് പ്രതികൾ കച്ചവടം നടത്താനൊരുങ്ങിയത്.

വസ്തു രജിസ്ട്രേഷനാവശ്യമായ രേഖകൾ ഇവർ തയ്യാറാക്കിയിരുന്നു. ഈ രണ്ട് തട്ടിപ്പുകാരും സിഎൻഐ സഭയിലെ അംഗങ്ങളല്ലെന്നാണ് സഭ അധികാരികൾ വ്യക്തമാക്കിയത്. ജോർഡൻ മാഷി പണ്ടും സമാനമായ തട്ടിപ്പുകൾ നടത്തി പിടിയിലായിട്ടുള്ള വ്യക്തിയാണ്. പഞ്ചാബിൽ തന്നെയുള്ള സിഎൻഐ സഭയുടെ ചില വസ്തുക്കൾ വിൽക്കാൻ ശ്രമിച്ചതിൻ്റെ പേരിലാണ് മാഷി മുൻപും അറസ്റ്റിലായിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top