പാടത്ത് മണ്ണ് ഇളകിയ നിലയില്‍; പരിശോധിച്ചപ്പോള്‍ ഒരു യുവാവിന്റെ കാല്‍; പാലക്കാട് ഷോക്കേറ്റ് മരിച്ച യുവാക്കളെ സ്ഥലമുടമ കുഴിച്ചിട്ടെന്ന് സംശയം
പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇവരെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തി. തുടർന്ന് സംശയം തോന്നി മണ്ണു നീക്കിയപ്പോൾ ഒരാളുടെ കാൽ കണ്ടെത്തുകയായിരുന്നു. കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഷോക്കേറ്റ് മരിച്ചത് കണ്ടപ്പോള്‍ സ്ഥലം ഉടമ തന്നെ പാടത്തു കുഴിയെടുത്ത് മൃതദേഹങ്ങൾ മറവു ചെയ്തെന്നാണു പൊലീസിന്റെ നിഗമനം.
കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. സ്ഥല ഉടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശം പൊലീസ് കാവലിലാണ്. മൃതദേഹങ്ങൾ ഇന്ന് രാവിലെ പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. തുടർന്നു മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
ഞായറാഴ്ച രാത്രി ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ നാല് പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിലാണു താമസിച്ചിരുന്നത്. പൊലീസ് സംഘം ഇവിടെയെത്തിയെന്നു ഭയന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. സതീഷിനെയും ഷിജിത്തിനെയുംകാണാതായി. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ അഭിനും അജിത്തും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here