ഹമാസ് നേതാവിൻ്റെ മുറിയിൽ ബോംബുവച്ചത് രണ്ടുമാസം മുൻപ്; വധിക്കാനുള്ള ആസൂത്രണത്തിൻ്റെ വിവരങ്ങൾ പുറത്ത്

ഹമാസ് ഉന്നതൻ ഇസ്മയിൽ ഹനിയയുടെ വധം ഇറാന് ഏറ്റ കനത്ത പ്രഹരമായിരുന്നു. ഇറാൻ്റെ മണ്ണിൽ സായുധസേനകൾ കാവൽ നിൽക്കുന്ന ഗസ്റ്റ് ഹൗസിലാണ് ബുധനാഴ്ച പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ ഹനിയ കൊല്ലപ്പെട്ടത്. മിസൈൽ ആക്രമണം ആണെന്നും ഡ്രോണിൽ എത്തിച്ച ബോംബ് ആണെന്നുമെല്ലാം വാർത്തകൾ വന്നെങ്കിലും ഗസ്റ്റ് ഹൗസിലെ മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഇത് ഇറാന് കൂടുതൽ നാണക്കേട് ഉണ്ടാക്കുന്നതാണ്.

രണ്ടുമാസം മുൻപേ ഈ ബോംബ് മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്നു എന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹനിയ ഇറാനിൽ എത്തുമ്പോഴെല്ലാം താമസിക്കാറുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസാണിത്. ഈ വിവരം അറിഞ്ഞ് തന്നെയാണ് ബോംബ് സ്ഥാപിച്ചതെന്ന് വ്യക്തം. ഹനിയ എത്തിയ സമയംനോക്കി പുറത്തുനിന്ന് റിമോട്ട് കൺട്രോളിൽ സ്ഫോടനം നടത്തുകയും ചെയ്തു. മുറിയിൽ ഉണ്ടായിരുന്ന അംഗരക്ഷകനും കൊല്ലപ്പെട്ടു.

സ്ഫോടനത്തിൻ്റെ ആഘാതത്തിൽ കെട്ടിടത്തിൻ്റെ ഒരുഭാഗം തകരുകയും കെട്ടിടത്തിൻ്റെ ചുറ്റുമതിലിന് വരെ കേടുപാടുകൾ ഉണ്ടാകുകയും ചെയ്തു. എന്നാൽ ഗസ്റ്റ് ഹൗസിൻ്റെ മറുഭാഗത്ത് മറ്റൊരു പാലസ്തീൻ നേതാവ് താമസിച്ചിരുന്നെങ്കിലും സ്ഫോടനം ആ ഭാഗത്തേക്ക് ബാധിച്ചില്ലതേയില്ല. അതിനർത്ഥം ഹനിയയെ കൃത്യമായി ടാർഗറ്റ് ചെയ്തിരുന്നു എന്ന് തന്നെയാണ്. സ്ഫോടനത്തിൽ തകർന്ന ഭാഗം മറച്ചുകെട്ടിയ നിലയിൽ ഗസ്റ്റ് ഹൗസ് കെട്ടിടത്തിൻ്റെ ചിത്രം ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടിട്ടുണ്ട്.

ഹനിയയെ വധിച്ചത് ഇസ്രയേൽ ആണെന്ന് തുടക്കം മുതൽ തന്നെ ഇറാനും ഹമാസും ആരോപിക്കുന്നുണ്ട്. എന്നാൽ ഇസ്രയേൽ ഇതുവരെ ഇത് നിഷേധിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. 2020ൽ ഇറാൻ്റെ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദേയെ വധിച്ചത് പോലെയുള്ള കൃത്യതയുള്ള ആസൂത്രണം ഹനിയുടെ കൊലപാതകത്തിന് പിന്നിലുമുണ്ട്. ശാസ്ത്രജ്ഞനെ കൊന്നതിൻ്റെ ഉത്തരവാദിത്തം ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ഏറ്റെടുത്തിരുന്നു. 2007 മുതലിങ്ങോട്ട് ഇറാൻ്റെ ആണവ പദ്ധതിയകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആറ് ശാസ്ത്രജ്ഞരെ എങ്കിലും ഇസ്രയേൽ ആക്രമിക്കുകയും അഞ്ചുപേരെ വധിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top