‘തമിഴ് റോക്കേഴ്സ്’ തിരിച്ചുവരവ് പ്രഖ്യാപിച്ചതിന് പിന്നാലെ മലയാള സിനിമക്ക് ഇരുട്ടടി; പുതിയ റിലീസുകൾ രണ്ടെണ്ണം ‘തമിഴ് ബ്ലാസ്റ്റേഴ്സ്’ സൈറ്റിലൂടെ പുറത്തായി

തിരുവനന്തപുരം: ഇന്നലെ തീയറ്ററിൽ റിലീസായ രണ്ട് മലയാള ചിത്രങ്ങളുടെ വ്യാജ പ്രിൻ്റുകൾ പുറത്തായി. വലിയ പ്രതീക്ഷയോടെ പുറത്തുവന്ന പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയാണ് തമിഴ് ബ്ലാസ്റ്റേഴ്സ് സൈറ്റിലെത്തിയത്. കുപ്രസിദ്ധ പൈറസി വെബ്സൈറ്റ് ‘തമിഴ് റോക്കേഴ്സ്’ സജീവമാകുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണിത് എന്നത് കൊണ്ടുതന്നെ സംശയം നീളുന്നത് റോക്കേഴ്സ് സംഘത്തിലേക്കാണ്. ജയിലർ, ജവാൻ എന്നീ തമിഴ് സിനിമകൾ പുറത്തുവിട്ട ചരിത്രമുള്ള സംഘമാണ് തമിഴ് ബ്ലാസ്റ്റേഴ്സ്.

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ടോവിനോ തോമസ് നായകനായ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ ഡിയുടെ ചിത്രമാണ് പ്രേമലു. നസ്‌ലീൻ, മമിത ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രങ്ങളുടെ റിലീസ് ദിവസം തന്നെ വ്യാജപതിപ്പ് പുറത്തുവന്നത് നിർമാതാക്കൾക്ക് വൻ തിരിച്ചടിയാകും.

തമിഴ് റോക്കേഴ്‌സിന്റെ തിരിച്ചുവരവ് വിവരം പങ്കുവച്ച സോഷ്യൽ മീഡിയ പേജുകളിലെല്ലാം ലിങ്ക് ആവശ്യപ്പെട്ടുള്ള സിനിമാപ്രേമികളുടെ കമന്റുകൾ ധാരാളം വരുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്യാജ പതിപ്പിന് ആവശ്യക്കാർ ഏറെയുണ്ടെന്ന് വ്യക്തമാണ്. ഒരിടവേളക്ക് ശേഷമുള്ള വ്യാജന്മാരുടെ വരവ് എല്ലാ ഭാഷയിലുമുള്ള സിനിമക്ക് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഐപി അഡ്രസുകൾ അടിക്കടി മാറ്റി ഉപയോഗിക്കുന്നത് കൊണ്ട് പോലീസ് സൈബര്‍ സംഘങ്ങൾക്ക് ഇവരെ തടയുക എളുപ്പവുമല്ല.

Logo
X
Top