സീതയെ തേടിപ്പോയ ‘വാനരപ്പട’ തിരിച്ചെത്തിയില്ല!! രാംലീലക്കിടെ ജയിലിൽ നിന്ന് കൊടും ക്രിമിനലുകൾ രക്ഷപെട്ട വിധം

ജയിലിൽ നടത്തിയ രാംലീല ആഘോഷങ്ങൾക്കിടയിൽ തടവുപുള്ളികൾ രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജയിലിൽ നാടകം കളിക്കുന്നതിന് ഇടയിലാണ് രണ്ട് പ്രതികൾ ജയിൽ ചാടിയത്. കൊലപാതകത്തിന് ജീവപര്യന്തം തടവ് ലഭിച്ച ഉത്തരാഖണ്ഡ് റൂർക്കെ സ്വദേശി പങ്കജ്, തട്ടിക്കൊണ്ടുപോകൽ കേസിലെ വിചാരണ തടവുകാരൻ യുപി ഗോണ്ട സ്വദേശി രാജ്കുമാർ എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ജയില്‍ വാര്‍ഡന്‍ ഉള്‍പ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
രാമലീലയിൽ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിട്ടാണ് ഇരുവരും നാടകത്തിൽ അഭിനയിച്ചിരുന്നത്. സീതയെ കണ്ടെത്താനെന്ന വ്യാജേനയാണ് തടവുപുള്ളികൾ മുങ്ങിയത്. ഇരുവരും ഓടിപ്പോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതി കാര്യമാക്കിയില്ല. രാമലീല കഴിഞ്ഞിട്ടും വാനരപ്പട മടങ്ങിയെത്തിയില്ല. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം ജയില്‍ ജീവനക്കാര്‍ക്ക് മനസിലായത്
ജയിൽ അധികൃതരുടെ അനാസ്ഥയാണ് തടവുകാർ ചാടിപ്പോകാൻ കാരണമെന്ന് ഹരിദ്വാർ ജില്ലാ മജിസ്‌ട്രേറ്റ് കർമേന്ദ്ര സിങ് പറഞ്ഞു. തടവുകാർ കിട്ടിയ അവസരം മുതലെടുത്ത് രക്ഷപ്പെട്ടപ്പോർ ജയിൽ ഉദ്യോഗസ്ഥരും ഗാർഡുകളും പരിപാടിയിൽ മുഴുകിയിരിക്കുക ആയിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയിൽ ഡിഐജിക്കാണ് അന്വേഷണത്തിനുള്ള ചുമതല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here