രണ്ടുപോലീസുകാർ ആത്മഹത്യ ചെയ്തത് ഒറ്റദിവസം; മരണത്തിന് ഉത്തരവാദി മേലുദ്യോഗസ്ഥൻ എന്ന് സന്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പോലീസുദ്യോഗസ്ഥരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴയിലും കോഴിക്കോടുമാണ് രണ്ട് പോലീസുകാർ ഇന്ന് ജീവനൊടുക്കിയത്. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസ്, തൃശൂർ മാള പോലീസ് സ്റ്റേഷനിലെ സിപിഒ ഷാഫി എന്നിവരാണ് ആത്മഹത്യ ചെയ്തത്
മൂവാറ്റുപുഴ റാക്കാട് വീടിനുള്ളിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജോബിയെ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദവും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ഉപദ്രവവുമാണ് ജീവനൊടുക്കാൻ കാരണം എന്നുമാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. തന്‍റെ മരണത്തിന് കാരണക്കാരായ പോലീസുകാരുടെ പേരുകളും ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. തൻ്റെ മൃതദേഹം കാണാൻ പോലും ഇവർ വരരുത് എന്നാണ് ആത്മഹത്യക്കുറിപ്പിൽ ജോബി രേഖപ്പെടുത്തിയിരിക്കുന്നത്.
വലിയ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും ഒരൊറ്റ ഇൻക്രിമെന്റ് പോലും പോയിട്ടില്ല. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല തൻ്റെ ഇൻക്രിമെൻ്റ് പോയിട്ടുള്ളതെന്നും ജോബി ആത്മഹത്യക്കുറിപ്പിൽ എഴുതി. നന്നായി പഠിച്ച് പോലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കണമെന്നും അമ്മയെ നന്നായി നോക്കണമെന്നും മക്കൾക്കായും ജോബി ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ ആഷ ആർക്കേഡ് ഹോട്ടലിന് മുകളിൽ നിന്നും വീണ് പരുക്കേറ്റ നിലയിലാണ് ഷാഫിയെ കണ്ടെത്തുന്നത്. മൂന്നാം നിലയിൽ നിന്നും താഴെ വീണ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ പക്കൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നുമാണ് അതിൽ രേഖപ്പെടുത്തിയിരുന്നത് എന്നും കസബ പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയതായും പോലീസ് അറിയിച്ചു.
അതേ സമയം, പോലീസുകാർക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ 72 പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 7 പേർ സ്ത്രീകളാണ്. ഭൂരിഭാഗം പേരും ആത്മഹത്യ ചെയ്തത് മാനസിക
സമ്മർദവും സഹപ്രവർത്തകരുടെ മോശം പെരുമാറ്റം കൊണ്ടുമാണ് എന്ന് ആത്മഹത്യക്കുറിപ്പുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജോലിയിൽ പ്രവേശിച്ച് അധികം വൈകാതെ ജീവനൊടുക്കിയവരുടെ എണ്ണം 23 ആണ്. ആത്മഹത്യ ചെയ്തവരിൽ ഏറ്റവും കൂടുതൽ പേർ 50 നും 55 നും ഇടയിൽ പ്രായമുളളവരാണ് എന്നും സേനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here