മംഗളൂരു അരുംകൊലയുടെ ചുരുളഴിച്ചത് രണ്ടു സെക്കൻഡ് സിസിടിവി ദൃശ്യം; അമ്പരപ്പിക്കുന്ന അന്വേഷണം

കർണാടകയിലെ മംഗളൂരു നഗരത്തിൽ നടന്ന അരുംകൊലയിലെ പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത് വെറും രണ്ടു സെക്കൻഡ് ദൈർഘ്യമുള്ള സംഭാഷണത്തിന്റെ സിസിടിവി ദൃശ്യമാണ്. 2019ലാണ് നഗരത്തെ നടുക്കിയ കേസിൻ്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. 2019 മേയ് 12നാണ് ഒരു സ്ത്രീയുടെ തല ബാഗിൽനിന്നും പോലീസ് കണ്ടെത്തുന്നത്. ദേശീയപാതയ്ക്കു സമീപം പഴക്കട നടത്തുന്ന ആളാണ് ബാഗിൽ യുവതിയുടെ തല ആദ്യം കണ്ടത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ തലയിൽ ഹെൽമറ്റ് മൂടിയ നിലയിലായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ നഗരത്തിന്റെ പല സ്ഥലങ്ങളിൽ നിന്നായി സ്ത്രീയുടെ മറ്റു ശരീരഭാഗങ്ങൾ ഓരോന്നായി പോലീസിന് ലഭിച്ചു.

കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണെന്ന വിവരം മാത്രമേ തുടക്കത്തിൽ പോലീസിന്റെ പക്കൽ ഉണ്ടായിരുന്നുള്ളൂ. കണ്ടെത്തിയ ശരീര ഭാഗങ്ങളെല്ലാം ശേഖരിച്ച് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏതെങ്കിലും സ്ത്രീയെ കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നാണ് ആദ്യം പോലീസ് പരിശോധിച്ചത്. സമയത്താണ് തന്റെ സഹോദരി ശ്രീമതി ഷെട്ടിയെ (39) കാണാനില്ലെന്ന് പറഞ്ഞ് കിഷോർ ഷെട്ടി മംഗളൂരു സൗത്ത് പോലീസ് സ്‌റ്റേഷനെ സമീപിച്ചത്. അയാൾ സഹോദരിയുടെ ഫോട്ടോ പോലീസിന് കൈമാറി. മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മംഗളൂരു സ്വദേശിയായ 39കാരി ശ്രീമതി ഷെട്ടിയാണ് കൊല്ലപ്പെട്ടതെന്ന് ഇതോടെ സ്ഥിരീകരിച്ചു. അപ്പോഴും കൊലയാളിയെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല.

ഒരു ഇലക്ട്രോണിക്സ് കട നടത്തിവരികയായിരുന്ന ശ്രീമതി പലിശയ്ക്ക് പണം കടം കൊടുക്കുമായിരുന്നു. ശ്രീമതി വിവാഹിതയായിരുന്നു എങ്കിലും ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. നിയമപരമായി വേർപിരിയാതെ അവർ സുധീപ് എന്ന മറ്റൊരാളോടൊപ്പം താമസം തുടങ്ങിയിരുന്നു എന്ന് പോലീസ് കണ്ടെത്തി. എന്നാൽ തർക്കങ്ങൾ കാരണം അയാളുമായും പിരിഞ്ഞു.

“ശ്രീമതിയുടെ ഭർത്താവിനെയും സുദീപിനെയും ആദ്യം സംശയിച്ചു. ഭർത്താവിനെ ചോദ്യം ചെയ്തു. അയാൾ അവരുമായി ഏറെ നാളായി ബന്ധമൊന്നുമില്ലെന്ന് പറഞ്ഞു. മോഷണക്കേസിൽ മംഗളൂരു ജയിലിലായിരുന്നു സുദീപ്. ചോദ്യം ചെയ്യലിൽ ശ്രീമതിയുമായി ബന്ധം അവസാനിപ്പിച്ചിട്ട് ഏറെ നാളായെന്നും പറഞ്ഞു,” കേസ് അന്വേഷിച്ച പോലീസ് ഇൻസ്പെക്ടർ എം.മഹേഷ് ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.

അന്വേഷണത്തിൽ ഇവർ രണ്ടുപേർക്കും കൊലപാതകത്തിൽ പങ്കില്ലെന്ന് പോലീസിന് മനസിലായി. പിന്നീടാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. നൂറിലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവ ദിവസം രാവിലെ 9.09ഓടെ ശ്രീമതി തന്റെ സ്കൂട്ടറിൽ സൂട്ടർപേട്ടിലേക്ക് പോകുന്ന ദൃശ്യം ലഭിച്ചു. ഇതിനിടയിൽ വാഹനം നിർത്തി ഒരാളോട് എന്തോ സംസാരിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. രണ്ട് സെക്കൻഡിൽ താഴെ മാത്രമാണ് ഇരുവരും സംസാരിച്ചത്. അതിനുശേഷം രണ്ടുപേരും അവിടെനിന്നും പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.

ശ്രീമതിയുമായി സംസാരിച്ച വ്യക്തി ജോനാസ് സാംസൺ എന്ന 35കാരനായ കബാബ് വിൽപ്പനക്കാരനാണ് പോലീസ് തിരിച്ചറിഞ്ഞു. ശ്രീമതിയിൽനിന്നും കടം വാങ്ങിയവരുടെ പട്ടിക പരിശോധിച്ചപ്പോൾ ‘ജോനേഷ്’ എന്ന പേര് കണ്ടെത്തി. 2019 മെയ് 14ന് പോലീസ് ഇയാളുടെ വീട്ടിൽ എത്തിയെങ്കിലും അവരെ കണ്ട ഉടൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. തുടർന്ന് വീടിന്റെ മേൽക്കൂരയുടെ ഓടുകൾ മാറ്റി അകത്ത് കടന്ന പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ട ചോദ്യം ചെയ്യലിന് ശേഷം സാംസൺ കുറ്റം സമ്മതിച്ചു.

മംഗളൂരു ബീച്ചിന് സമീപം കബാബ് കട നടത്തിയിരുന്നയാളാണ് സാംസണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രീമതിയിൽ നിന്ന് 33,500 രൂപ കടം വാങ്ങുകയും 16,000 രൂപ നൽകുകയും ചെയ്തിരുന്നു. പലപ്പോഴും പൊതുവിടങ്ങളിൽ വച്ച് ബാക്കി പണം ആവശ്യപ്പെട്ട് ശ്രീമതി ഇയാളോട് മയമില്ലാതെ പെരുമാറി. ഒരിക്കൽ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് മോശമായി പെരുമാറിയതായി ചോദ്യം ചെയ്യലിൽ സാംസൺ പറഞ്ഞു. രണ്ട് സെക്കൻഡ് ഇരുവരും സംസാരിച്ചത് എന്താണെന്നും ചോദ്യം ചെയ്യലിൽ സാംസൺ വെളിപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ശ്രീമതി ബാക്കി പണം ചോദിക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് സാംസണെ കാണുന്നത്. രണ്ടു മിനിറ്റിനുള്ളിൽ വീട്ടിൽ അയാൾ എത്തുമെന്ന് ശ്രീമതിയോട് പറഞ്ഞു. തുടർന്ന് വീട്ടിൽ വച്ച് ഭാര്യ വിക്ടോറിയ മത്യാസിന്റെ മുന്നിൽ ശ്രീമതി സാംസണോട് മോശമായി പെരുമാറി. രോഷാകുലനായ സാംസൺ ശ്രീമതിയെ മരപ്പലകകൊണ്ട് രണ്ടുതവണ അടിച്ചു. അതിനുശേഷം സാംസണും വിക്ടോറിയയും ചേർന്ന് കുളിമുറിയിൽ വച്ച് ശ്രീമതിയുടെ ശരീരം പല കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ നഗരത്തിലുടനീളം കൊണ്ടിട്ടു. പിന്നീട്, സാംസൺ ശ്രീമതിയുടെ മൊബൈൽ ഫോൺ ഇരുചക്ര വാഹനത്തിനുള്ളിൽ സൂക്ഷിക്കുകയും പോലീസ് സ്റ്റേഷന് സമീപം പാർക്ക് ചെയ്യുകയും ചെയ്തു. വിക്ടോറിയ വീട് വൃത്തിയാക്കി സഹോദരിയുടെ വീട്ടിലേക്ക് പോയെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സാംസണിനെയും വിക്ടോറിയയെയും പോലീസ് അറസ്റ്റ് ചെയ്തു. 48 സാക്ഷി മൊഴികളടങ്ങിയ കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഈ വർഷം സെപ്റ്റംബർ 13ന്, ദക്ഷിണ കന്നഡയിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ദമ്പതികൾക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top