പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ ഭാവി മോദിയുടെ കയ്യിൽ; ഇവരെ സ്വീകരിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികൾക്കിടയിൽ ഇന്ത്യക്കും കർശന താക്കീതുമായി അമേരിക്ക. 18,000 പേരെയാണ് യുഎസ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇവരെ തിരിച്ച് സ്വന്തം രാജ്യത്ത് എത്തിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് കഴിഞ്ഞ ദിവസം പറഞ്ഞത്. മോദിയുമായി കഴിഞ്ഞ ദിവസം ഫോണിൽ ഇക്കാര്യം ചർച്ച ചെയ്തതായും ട്രംപ് അറിയിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലും അനധികൃത കുടിയേറ്റക്കാരുടെ വിഷയം ചർച്ചയായിരുന്നു. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല എന്നുമായിരുന്നു വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞിരുന്നത്. ഇപ്പോൾ 18,000 ഇന്ത്യക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡോണാൾഡ് ട്രംപ് പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചിരിക്കുന്നത്. അടുത്ത മാസം വൈറ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇവരെ എന്തു ചെയ്യണം എന്നതടക്കമുള്ള കാര്യത്തിൽ തീരുമാനമുണ്ടാവും എന്നാണ് സൂചനകൾ.
വ്യാപകമായി അനധികൃത കുടിയേറ്റക്കാര്‍ വരുന്ന രാജ്യങ്ങൾക്ക് ഉയർന്ന താരിഫ് (നികുതി) ചുമത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഈ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. ചൈന, ബ്രസീൽ എന്നിവയാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍. “വിദേശ രാജ്യങ്ങളെ സമ്പന്നമാക്കുന്നതിന് നമ്മുടെ പൗരന്മാർക്ക് നികുതി ചുമത്തുന്നതിന് പകരം, നമ്മുടെ പൗരന്മാരെ സമ്പന്നരാക്കാൻ വിദേശ രാജ്യങ്ങൾക്ക് നികുതി ചുമത്തണം.”- എന്നതാണ് തൻ്റെ നിലപാട് എന്ന് ഡോണാൾഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് ഉയർന്ന താരിഫ് ചുമത്തുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ അടുത്ത മാസം നടക്കുന്ന ട്രംപ്-മോദി കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാവുമെന്നാണ് റിപ്പോർട്ടുകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here