റോഡിലെ കുഴിയില്‍ വീണ് ജീവന്‍ പൊലിഞ്ഞതില്‍ 14 ലക്ഷം നഷ്ടപരിഹാരം; സര്‍ക്കാരും കരാറുകാരനും ചേര്‍ന്ന് തുക നല്‍കണം; വിധി ഹൊസ്ദുർഗ് കോടതിയുടേത്

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ അനാസ്ഥയില്‍ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ കുടുംബത്തിന് നീതിയുടെ കൈത്താങ്ങ്. കലുങ്ക് നിർമ്മാണത്തിനുള്ള കുഴിയില്‍ ഇരുചക്ര വാഹനം വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. ഹൊസ്ദുർഗ് സബ് ജഡ്ജി എം.സി.ബിജുവിന്റെതാണ് ഉത്തരവ്.
ടി.പി.സിബിൻരാജ് മരിച്ച സംഭവത്തില്‍ അമ്മ ടി.പി.സുനിതി നൽകിയ ഹർജിയിലാണ് കോടതി വിധി. സർക്കാരും കരാറുകാരനും ചേർന്നാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്.
ചോയ്യങ്കോട്-ഭീമനടി റോഡിൽ തലയടുക്കത്ത് കലുങ്ക് നിർമാണ സ്ഥലത്ത് 2020 മാർച്ച് 19-നാണ് അപകടമുണ്ടായത്. രാത്രി ഒൻപതരയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ കുഴിയില്‍ വീണാണ് അപകടം. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് യുവാവിന്റെ മരണം. മുന്നറിയിപ്പ് നല്‍കിയ ബോര്‍ഡില്‍ വെളിച്ചമുണ്ടായിരുന്നില്ലെന്നും അതാണ് അപകടകാരണമെന്നും ഹര്‍ജിക്കാരി വാദിച്ചു.
ഓടിയെത്തിയവര്‍ മൊബൈൽ ഫോണിന്റെ ടോര്‍ച്ച് തെളിച്ചപ്പോഴാണ് മകന്‍ വീണ് കിടക്കുന്നത് കണ്ടത്. ബോർഡിന് റിഫ്ളക്ടറോ എൽഇഡി വെളിച്ചമോ ഉണ്ടായിരുന്നില്ല. മീറ്ററുകൾക്കിപ്പുറം മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് വിധി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here