പിഞ്ചുശരീരത്തില്‍ കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിനോവിച്ചു; വാരിയെല്ലുകള്‍ പൊട്ടി; തലച്ചോറില്‍ രക്തസ്രാവം; രണ്ടരവയസുകാരി അച്ഛനില്‍ നിന്ന് നേരിട്ടത് അതിക്രൂര മര്‍ദനം
മലപ്പുറം: മകള്‍ക്ക് നേരെ അച്ഛനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത അതിക്രൂര മര്‍ദനമാണ് കഴിഞ്ഞ ദിവസം കാളികാവില്‍ മരിച്ച രണ്ടരവയസുകാരി അനുഭവിക്കേണ്ടി വന്നത്. അത്രമേല്‍ നടുക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. കത്തിച്ച സിഗരറ്റ് കൊണ്ട് പിഞ്ചുശരീരത്തെ കുത്തിനോവിച്ച പാടുകള്‍, പഴയതും പുതിയതുമായ നിരവധി മുറിവുകള്‍, മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ മക്കളെ ലാളിക്കുന്ന ഈ പ്രായത്തില്‍ അതിന്റെ നേരിയ അംശം പോലും ലഭിക്കാതെയാണ് ഫാത്തിമ നസ്രിന്‍ എന്ന രണ്ടരവയസുകാരി യാത്രയായത്.
മര്‍ദനത്തില്‍ ബോധം പോയ കുഞ്ഞിനെ അച്ഛന്‍ മുഹമ്മദ് ഫായിസ് (24) വലിച്ചെറിഞ്ഞ് വീണ്ടും പരിക്കേല്‍പ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും വാരിയെല്ലുകള്‍ പൊട്ടുകയും ചെയ്തു. തലച്ചോര്‍ പോലും ഇളകിയ നിലയിലായിരുന്നു. തലയിലെ രക്തസ്രാവമാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുട്ടിയെ മാത്രമല്ല ഭാര്യ ഷഹാനത്തിനെയും ഫായിസ് നിരന്തരം മര്‍ദിക്കാറുള്ളതായാണ് ബന്ധുക്കളുടെ ആരോപണം. സംഭവദിവസം ഷഹാനത്തിനെ മുറിയില്‍ പൂട്ടിയിട്ടശേഷമാണ് രണ്ടരവയസുകാരിയെ മര്‍ദിച്ചത്. കുട്ടി മരിച്ചതിന് ശേഷമാണ് ഫായിസ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങിയെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായ ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത ഫായിസിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി തന്നെ രേഖപ്പെടുത്തി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
ഫായിസിന്റെ നിരന്തര ഉപദ്രവം കാരണം ഭാര്യ ഷഹാനത്ത് കുഞ്ഞിനൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഫായിസ് നിര്‍ബന്ധിച്ച് ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവം. ഫായിസിനെതിരെ നേരത്തെയും പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യയെയും കുഞ്ഞിനെയും മര്‍ദിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അമ്മയുടെയും ബന്ധുക്കളുടെയും പരാതി ശരിവെക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here