രണ്ടരവയസുകാരിയെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് അമ്മയും ബന്ധുക്കളും; കുട്ടിയെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു; ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍
മലപ്പുറം: രണ്ടര വയസുകാരിയെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന ആരോപണവുമായി അമ്മയും ബന്ധുക്കളും. മലപ്പുറം ഉദിരംപൊയിലിലാണ് ദാരുണമായ സംഭവം നടന്നത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു പിതാവ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വഴിയില്‍വെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് ഫായിസിന്‍റെ മകള്‍ നസ്റിന്‍ ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫായിസിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി.
മരിച്ച രണ്ടര വയസുകാരിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. കുട്ടിയെ നിരന്തരം ഫായിസ് മര്‍ദിക്കാറുണ്ടായിരുന്നെന്നും സംഭവദിവസം കുട്ടിയെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞതായും ബന്ധുക്കള്‍ ആരോപിച്ചു. ഭാര്യയുമായി തര്‍ക്കങ്ങളുണ്ടായിരുന്ന ഫായിസ് കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുകള്‍ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here