പ്രതിഭയുടെ മകനെ പിടികൂടിയത് കഞ്ചാവ് കേസിൽ തന്നെ; ഉപയോഗിച്ചതിനും കൈവശം വച്ചതിനും എഫ്ഐആർ; എംഎൽഎയുടെ വാദം പൊളിയുന്നു

മകനെ കഞ്ചാവുമായി കുട്ടനാട് എക്സൈസ് പിടികൂടിയെന്ന വാർത്ത വ്യാജമണെന്ന സിപിഎം എംഎൽഎ യു പ്രതിഭയുടെ അവകാശവാദം തെറ്റ്. മകൻ കനിവിനെ സുഹൃത്തുക്കളുമായി ഇരുത്തി ചോദ്യം ചെയ്യുക മാത്രമായിരുന്നു ചെയ്തത് എന്നായിരുന്നു കായംകുളം എംഎൽഎ ഇന്നലെ പറഞ്ഞിരുന്നത്. എന്നാല്‍ കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും കനിവിനെതിരെ കേസെടുത്തു എന്നാണ് എക്സൈസിൻ്റെ എഫ്ഐആർ വ്യക്തമാക്കുന്നത്.

കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. മൂന്നു ഗ്രാം കഞ്ചാവ്, 50 ഗ്രാം കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് എംഎൽഎയുടെ യുവാക്കളുടെ സംഘത്തിൽ നിന്നും പിടിച്ചെടുത്തത്. കനിവ് ഉൾപ്പടെ ഒൻപതുപേരെ കഴിഞ്ഞ ദിവസമാണ് കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മഫ്തിയിൽ എത്തിയാണ് കുട്ടനാട് എക്സൈസ് സംഘം കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ യുവാക്കളെ പിടികൂടിയത്.

മകൻ കനിവിൻ്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നായിരുന്നു ഫെയ്സ്ബുക്ക് ലൈവിലൂടെ യൂ പ്രതിഭ അവകാശപ്പെട്ടത്. മാധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്. ഒരാൾ എംഎൽഎ ആയതും പൊതുപ്രവർത്തകയായതു കൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ താൻ മാപ്പ് പറയാം. നേരെ തിരിച്ചാണേങ്കിൽ പരസ്യമായി മാധ്യമങ്ങൾ മാപ്പ് പറയണമെന്നും പ്രതിഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top