മാവോയിസ്റ്റ് ബന്ധം: മാധ്യമപ്രവർത്തകനടക്കം ഏഴ് മലയാളികൾക്കെതിരെ തെലങ്കാനയിൽ യുഎപിഎ
ഹൈദ്രാബാദ്: മലയാളി മാധ്യമ പ്രവർത്തകനെതിരെയും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെയും യുഎപിഎ ചുമത്തി തെലങ്കാന പോലീസ്. ‘ഈ നാട് ‘ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകനും മലബാർ ജേർണൽ എഡിറ്റർ ഇൻ ചീഫുമായ എറണാകുളം സ്വദേശി കെ പി സേതുനാഥ് അടക്കം ഏഴ് മലയാളികളെ കേസിൽ ഉൾപ്പെടുത്തിയതായാണ് ഈ നാടിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. ‘ഈനാട്’ വാർത്ത പങ്കുെവച്ച്, തൻ്റെപേര് യുഎപിഎ കേസിൽ വന്നതിനെക്കുറിച്ച് എൻ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് വിവരം പലരും അറിഞ്ഞത്.
മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ കെ മുരളി (അജിത്ത്), മനുഷ്യാവകാശ പ്രവർത്തകൻ സിപി റഷീദ്, സിപി ഇസ്മായിൽ, സിപി മൊയ്തീൻ (മലപ്പുറം), പ്രദീപ്, വർഗീസ് എ എന്നിവർക്കെതിയെ യുഎപിഎ ചുമത്തിയത്.
സെപ്തംബർ 15 ന് സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗം സഞ്ജയ് ദീപക് റാവുവിനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് 23 പേർക്കെതിരെ പുതിയ യുഎപിഎ കേസ് ചുമത്തിയതെന്ന് സെപ്റ്റംബർ 21ന് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
യുഎപിഎയുടെ സെക്ഷൻ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിൻ്റെ സെക്ഷൻ 25 പ്രകാരവുമാണ് കേസ്. കേസിൽ ‘ഉയർന്ന മാവോയിസ്റ്റ് നേതാക്കൾ’ എന്ന വിഭാഗത്തിൽ നമ്പല്ല കേശവ റാവു, മുപ്പല്ല ലക്ഷ്ൺ റാവു, മല്ലരാജ റെഡ്ഡഢി തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണ് കെ. മുരളിയുടെ പേരുള്ളത്. ‘മറ്റ് നേതാക്കൾ’ എന്ന വിഭാഗത്തിലാണ് സേതുനാഥിൻ്റ ഉൾപ്പടെയുള്ള പേരുകളുള്ളത്. ബഹുജന സംഘടനകളയുടെ നേതാക്കൾ എന്ന് വിശേഷിപ്പിച്ച് തെലങ്കാനയിലെ ചിലരുടെ പേരുകളും പ്രതിപ്പട്ടികയിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here