യുസിസി വർഗീയ ധ്രുവീകരണത്തിനുള്ള ആയുധം; ബിജെപിയുടെ ലക്ഷ്യം വിഭാഗീയതയെന്ന് യെച്ചൂരി

കോഴിക്കോട്: വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടാന്‍ ബിജെപി സർക്കാർ ഉപയോഗിക്കുന്ന രാഷ്ട്രീയ ഉപകരണമാണ് ഏക സിവിൽ കോഡ് (യുസിസി) എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി മുന്നോട്ടുവയ്ക്കുന്ന യൂണിഫോമിറ്റി സമത്വമല്ല. മറ്റ്‌ ചില അജണ്ടകളോടെയാണ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ കൃത്യമായ രാഷ്‌ട്രീയ പദ്ധതിയുണ്ട്. വിവേചനപരമായ നിയമങ്ങള്‍ക്കെതിരെ യോജിച്ചുള്ള പോരാട്ടമാണ്‌ ആവശ്യമെന്നും ഏക സിവിൽ കോഡിനെതിരായ സിപിഐഎം ദേശീയ സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.

ഏകീകൃതത്വം അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമവും നമ്മുടെ സാമൂഹിക ഘടനയെ കീറിമുറിക്കുമെന്ന് യെച്ചൂരി പറഞ്ഞു. ഹിന്ദു – മുസ്ലിം വിഭാഗീയത സൃഷ്ടിച്ച് 2024-ലെ തെരഞ്ഞടുപ്പില്‍ നേട്ടം ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് നിലവിലെ വിവാദങ്ങള്‍ക്ക് പിന്നില്‍. രാജ്യത്തെ ഓരോ വിഭാഗത്തിനും ഓരോ മൂല്യമുണ്ട്. അവിടെ മാറ്റങ്ങള്‍ വേണമെങ്കില്‍ അത് തുറന്ന ചര്‍ച്ചയിലൂടെ വേണം കൊണ്ടുവരാന്‍. അല്ലാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കണ്ടതല്ല. ഇത് പരിഗണിക്കാതെയാണ് നിലവിലെ നീക്കം.

രാജ്യത്ത് വംശഹത്യ നിത്യസംഭവമാകയാണ്. മണിപ്പൂരില്‍ എന്താണ് നടക്കുന്നത് എന്ന് നോക്കുക. മത ധ്രുവീകരണം ലക്ഷ്യമിട്ട് നിയമങ്ങള്‍ നടപ്പാക്കുകയാണ്. യുസിസിയും ധ്രവീകരണം ലക്ഷ്യമിട്ടാണ് ബിജെപി ചര്‍ച്ചയാക്കുന്നത്. മുസ്ലിം വിഭാഗങ്ങളെ കടന്നാക്രമിക്കുകയാണ്. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതായും യെച്ചൂരി പറഞ്ഞു. കേന്ദ്ര സർക്കാർ നിയോഗിച്ച 21-ാമത് നിയമ കമ്മീഷൻ ഈ ഘട്ടത്തിൽ യുസിസി നിയമം ആവശ്യമോ അഭികാമ്യമോ അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

‘സിപിഐഎം സമത്വത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഏകരൂപം സമത്വമല്ല. ഇന്ത്യൻ ഭരണഘടന സമത്വത്തിന് വേണ്ടി നിലകൊള്ളുന്നതുപോലെ സിപിഐഎമ്മും സമത്വത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ആ സമത്വത്തിന് വേണ്ടിയാണ് നമ്മൾ പോരാടേണ്ടത്. മനുഷ്യരെന്ന നിലയിലാണ് ആദ്യം ഒന്നിക്കേണ്ടത്. മറ്റെല്ലാം പിന്നീട് വരുന്നതാണ്’, യെച്ചൂരി പറഞ്ഞു.

കോഴിക്കോട് സരോവരം ബയോപാർക്കിന് സമീപമുള്ള കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ആരംഭിച്ച സിപിഐഎം ദേശീയ സെമിനാറില്‍, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉൾപ്പെടെയുള്ള മുസ്‌ലിം കൂട്ടായ്മകളുടെയും വിവിധ ക്രിസ്ത്യൻ സമുദായങ്ങളുടെയും സാന്നിധ്യമുണ്ട്. എംപിമാരായ എളമരം കരീം, ജോസ് കെ മാണി, സംസ്ഥാന മന്ത്രിസഭ അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും വിവിധ ക്രിസ്ത്യൻ വൈദികരും ബിഷപ്പുമാരും ചടങ്ങിൽ പങ്കെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top