ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കില്ല; ബിജെപിയുടെ പുതിയ ലക്ഷ്യം 2024 തെരഞ്ഞെടുപ്പ്

ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്രനേതൃത്വം ചുവടുമാറുന്നതായി റിപ്പോർട്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ടാണ് നീക്കമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വരെ വിഷയത്തിൽ ചർച്ച സജീവമാക്കി നിലനിർത്തുക എന്നതാണ് ബിജെപിയുടെ അജണ്ട. വിഷയം സങ്കീർണമെന്നും കൂടുതല്‍ പഠനം ആവശ്യമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
എല്ലാ വിഭാഗങ്ങളെയും സിവിൽ കോഡിൽ എടുത്തുചാടി ഉൾപ്പെടുത്തിയാൽ തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് വരെ അത് വഴിവെച്ചേക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രം നിലപാട് മയപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
ഭോപ്പാലിൽ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡ് ചർച്ചയാക്കിയത്. പിന്നാലെ കേന്ദ്രസർക്കാർ ഇത് അധികം വൈകാതെ നടപ്പാക്കുമെന്ന പ്രതീതിയുണ്ടായി. പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. എന്നാൽ പാർലമെന്റിൽ വിഷയം എത്തിക്കാതെ സജീവ വിഷയമായ ചർച്ചയാക്കി നിലനിർത്താനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബിജെപി അംഗങ്ങളുടെ ഭാഗത്ത് നിന്ന് സ്വകാര്യ ബില്ലായി വിഷയം പാർലമെന്റിൽ എത്തിക്കാനും ആലോചിക്കുന്നുണ്ട്.
എല്ലാ വിഭാഗങ്ങളെയും സിവിൽ കോഡിൽ എടുത്തുചാടി ഉൾപ്പെടുത്തിയാൽ തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് വരെ അത് വഴിവെച്ചേക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതേസമയം ഉത്തരാഖണ്ഡിൽ നിയമത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് അധികം വൈകാതെ നിയമമായി പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here