ഉമ്മന്‍ചാണ്ടിയെ അപമാനിച്ച ഗണേശന്റെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കും; പിണറായിയുടെ നന്ദി കാണിക്കലാണ് നടക്കുന്നതെന്ന് വി.ഡി.സതീശന്‍

എറണാകുളം : കെ.ബി.ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാനുളള തീരുമാനം മുഖ്യമന്ത്രിയും ഇടതുമുന്നണിയും പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതില്‍ പ്രധാന പങ്കുണ്ടെന്ന് സിബിഐ ആരോപിച്ചയാളാണ് ഗണേഷ്‌കുമാര്‍. ഇതിന്റെ പേരില്‍ കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ സ്‌നേഹിക്കുന്ന ഉമ്മന്‍ചാണ്ടിയെ ജീവിതത്തിന്റെ അവസാനകാലത്താണ് അപമാനിക്കാന്‍ ശ്രമം നടത്തിയത്. അത്തരമൊരാളുടെ സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസുകാര്‍ക്ക് പോകാന്‍ കഴിയില്ല. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിലൂടെ ഭരണം ലഭിച്ച പിണറായി വിജയന്റെ നന്ദി കാണിക്കലാണ് മന്ത്രി സ്ഥാനം. ഇത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാറിനെതിരെ സമരം ചെയ്തതിന് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ചികിത്സയിലും നിരവധിപേര്‍ ജയിലിലുമാണ്. അതിനാല്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ബഹിഷ്‌കരിക്കുമെന്നും സതീശന്‍ പറഞ്ഞു.

നവകേരള സദസ് അവസാനിച്ചപ്പോള്‍ നേട്ടങ്ങളൊന്നും പറയാന്‍ കഴിയാതെ മുഖ്യമന്ത്രി പരിഹാസ്യനായി നില്‍ക്കുകയാണ്. ഒരു സാധാരണക്കാരന്റെ ദുരിതത്തിന് പോലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടന്നത്. കേരളത്തിലെ പോലീസ് ഏറ്റവും പരിതാപകരമായ നിലയിലാണ്. മരുമകന്‍ മന്ത്രിയും ഉപജാപക സംഘവും അടങ്ങുന്ന കോക്കസാണ് പോലീസിനെ ഈ നിലയിലാക്കിയത്. .കോണ്‍ഗ്രസ് നേതാക്കന്മാരെ കൊല്ലാന്‍ നോക്കിയ സര്‍ക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top