യുഡിഎഫും ജനങ്ങളിലേക്ക്; ഏകോപന സമിതി യോഗം ആറിന്
തിരുവനന്തപുരം: ‘ജനസദസ്സ്’ വഴി ഇടതുമുന്നണി ജനങ്ങളിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചിരിക്കെ യുഡിഎഫും ജനങ്ങളിലേക്ക് ഇറങ്ങുന്നു. ആറിനു നടക്കുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ ഈ കാര്യങ്ങള്‍ തീരുമാനിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ജനുവരിയിൽ ഒരു കേരളയാത്ര ആലോചിക്കുന്നുണ്ട്. ഈ ജാഥ യുഡിഎഫ് ജാഥയാക്കി മാറ്റാനാകുമോ എന്ന ആലോചനയും യുഡിഎഫ് യോഗത്തില്‍ നടക്കും.
നവംബർ, ഡിസംബർ മാസങ്ങളിൽ സർക്കാർ നടത്തുന്ന മണ്ഡലംതല ജനസദസ്സ് പരിപാടി ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണമായാണു യുഡിഎഫ് കാണുന്നത്. അതുകൊണ്ട് തന്നെ മുന്നണിയും ജനങ്ങളിലേക്ക് ഇറങ്ങുന്നത് വൈകരുത് എന്നാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരത്തിന്നിറങ്ങുമെന്നാണ് സൂചന.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഒഴിച്ച് മറ്റുള്ള എംപിമാര്‍ എല്ലാവരും തന്നെ മത്സരരംഗത്തിറങ്ങിയേക്കും. കെപിസിസി അധ്യക്ഷ പദവി വഹിക്കുന്നതിനാലാണ് സുധാകരന്‍ മാറി നില്‍ക്കുന്നത്. പകരം ആരെന്ന കാര്യത്തിലും തീരുമാനമൊന്നും വന്നിട്ടില്ല. സിറ്റിങ് എംപിമാരിൽ കെ.മുരളീധരൻ മത്സരിക്കാനില്ലെന്നു പറഞ്ഞെങ്കിലും പാർട്ടി പറഞ്ഞാല്‍ മത്സരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here