‘തും മേരാ ദുശ്മൻ…’ വിവാഹവേദിയിലും രാഷ്ട്രീയ ശത്രുത
പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനോടുള്ള രാഷ്ട്രീയത്തിലെ അഭിപ്രായ ഭിന്നത വിവാഹവേദിയിലും പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും വടകര എംപി ഷാഫി പറമ്പിലും. ബിജെപി നേതാവിൻ്റെ മകളുടെ കല്ല്യാണ ചടങ്ങിലാണ് മുൻ സഹപ്രവർത്തകരായ മൂവരും കണ്ടുമുട്ടിയത്. യുഡിഎഫ് നേതാക്കളുമായി സരിൻ ഹസ്തദാനത്തിന് ശ്രമിച്ചെങ്കിലും ഇരുവരും അവഗണിക്കുകയായിരുന്നു.
‘രാഹുലെ ഒരുകൈ തന്നിട്ട് പോടാ, മോശമാണേ..’ എന്ന് സരിൻ പറഞ്ഞിട്ടും യുഡിഎഫ് സ്ഥാനാർത്ഥി ശ്രദ്ധിക്കാതെ കടന്നു പോകുകയായിരുന്നു. ‘ഷാഫി ..ഷാഫി..’ എന്ന് നിരവധി തവണ സരിൻ വിളിക്കുന്നതും പുറത്തു വന്ന വന്ന ദൃശ്യങ്ങളിലുണ്ട്. എന്നാൽ കോൺഗ്രസുമായി ഏറെക്കാലമി അകന്നു കഴിഞ്ഞിരുന്ന പാലക്കാട്ടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥുമായി ഷാഫിയും രാഹുലും സൗഹൃദം പങ്കിട്ടു. ഗോപിനാഥിനെ കെട്ടിപ്പിടിച്ചു കൊണ്ടാണ് ഇരുവരും അടുപ്പം പങ്കുവച്ചത്.
തന്നോടുള്ള യൂത്ത് കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം ശരിയായില്ലെന്ന് സംഭവത്തിന് ശേഷം സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗോപിനാഥ് ചെയ്തത് തന്നെയല്ല താനും ചെയ്തത്. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായി മാത്രമാണെന്നാണ് രാഹുലിൻ്റെ പ്രതികരണം.
‘എനിക്ക് കപടമുഖമില്ല അതിനാല്‍ യാഥാര്‍ത്ഥ്യം കാണിക്കുന്നു. ഞാന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായാണ്. ഞാന്‍ ചിരിക്കുന്നതും ആത്മാര്‍ത്ഥമായി മാത്രമാണ്. അല്ലാതെ എനിക്ക് ചെയ്യാന്‍ അറിയില്ല’ – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സരിന്‍ തന്നോട് ഇപ്പുറമുണ്ടെന്ന് പറഞ്ഞെന്നും അപ്പുറം തന്നെ വേണമെന്ന് താനും മറുപടി നൽകിയെന്നുമായിരുന്നു ഷാഫി പറമ്പിലിൻ്റെ വിശദീകരണം. കുലംകുത്തികളെ കൊല്ലുന്ന ഏർപ്പാടിലെന്നും പറഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറായിരുന്ന സരിൻ പാർട്ടിയുമായി ഇടഞ്ഞത്. പിന്നാലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരത്തിനിറങ്ങുകയായിരുന്നു. കോൺഗ്രസിനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയാണ് സരിൻ പാർട്ടി വിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here