രാഹുൽഗാന്ധി ഇല്ലെങ്കില്‍ വയനാട്ടിൽ ഹസൻ; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ യുഡിഎഫ് കൺവീനർക്ക് കളമൊരുങ്ങുന്നു

തിരുവനന്തപുരം: വയനാട് ലോക്‌സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനായി എംഎം ഹസന്‍ സ്ഥാനാര്‍ത്ഥിയായേക്കും. കണ്ണൂരില്‍ കെ സുധാകരനും ആലപ്പുഴയില്‍ കെസി വേണുഗോപാലും മത്സരിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വയനാട്ടിലേക്ക് എംഎം ഹസന് നറുക്ക് വീഴുന്നത്. കേരളത്തില്‍ രാഹുല്‍ മത്സരിക്കില്ലെന്ന അഭ്യൂഹം സജീവാണ്. രാഹുല്‍ മത്സരിച്ചാല്‍ കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകില്ല. അങ്ങനെ വന്നാല്‍ ആലപ്പുഴയില്‍ മുസ്ലീം സമുദായ അംഗം സ്ഥാനാര്‍ത്ഥിയാകും. അപ്പോഴും എംഎം ഹസനെ പരിഗണിക്കാന്‍ സാധ്യത ഏറെയാണ്. യുഡിഎഫ് കണ്‍വീനറായ മുതിര്‍ന്ന നേതാവിനായി എ-ഐ ഗ്രൂപ്പുകളില്‍ പൊതുവികാരമുണ്ട്.

കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കുന്നതോടെ കേരളത്തിലെ 15 സിറ്റിംഗ് കോണ്‍ഗ്രസ് എംപിമാരില്‍ 14 പേരും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. വയനാട് രാഹുല്‍ കൂടി മത്സരിച്ചാല്‍ എല്ലാ സീറ്റിലും സിറ്റിംഗ് എംപിമാരുടെ സാന്നിധ്യം ഉണ്ടാകും. മുസ്ലീം ലീഗും സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കും എന്നാണ് സൂചന. ആർഎസ്പിയില്‍ എന്‍കെ പ്രേമചന്ദ്രനും സിപിഎമ്മില്‍ എഎം ആരിഫും സീറ്റുറപ്പിച്ചിട്ടുണ്ട്. ഇതോടെ 20 ലോക്‌സഭാ അംഗങ്ങളും കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യത കൂടും. ആലപ്പുഴയില്‍ മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് തോറ്റത്. ഇത്തവണ ആ സീറ്റ് തിരിച്ചു പിടിക്കാന്‍ കെസി വേണുഗോപാലിനെ ഇറക്കാനാണ് ആലോചന. ഇതെല്ലാം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടിരിക്കും.

കണ്ണൂരില്‍ സുധാകരന്‍ എത്തുന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം സമുദായ പ്രാതിനിധ്യം ഇല്ലാതെയായി. ഇതാണ് എംഎം ഹസന് തുണയാകുന്നത്. കഴിഞ്ഞ തവണ ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആരിഫിനോട് ഷാനിമോള്‍ നേരിയ വോട്ടിന് തോറ്റു. ഈ സാഹചര്യത്തില്‍ ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ വന്നില്ലെങ്കില്‍ ഷാനിമോളേയും പരിഗണിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധി മാറിയാല്‍ വയനാട്ടില്‍ എംഎം ഹസന് സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ വ്യക്തമായ മുന്‍തൂക്കം കിട്ടും. ആലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായ കായംകുളത്തെ മുന്‍ എംഎല്‍എ എന്നത് ആലപ്പുഴയിലും അനുകൂല ഘടകമാണ്.

ഉമ്മന്‍ചാണ്ടി മരിച്ച ശേഷം എ ഗ്രൂപ്പിലെ പ്രധാനികളില്‍ ഒരാളാണ് ഹസന്‍. ഏറെ കാലമായി തിരഞ്ഞെടുപ്പുകളില്‍ ഹസന് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നില്ല. കായംകുളത്തെ സിറ്റിംഗ് എംഎല്‍എയായിരുന്ന ഹസന് ആ സീറ്റില്‍ തുടര്‍ മത്സരത്തിന് കോണ്‍ഗ്രസ് അവസരം ഒരുക്കിയില്ല. അതിന് ശേഷം സംഘടനാ റോളുകളില്‍ മാത്രമായി ഹസന്‍ ചുരുങ്ങി. ഇതില്‍ ഹസനും അമര്‍ഷമുണ്ട്. കെപിസിസി താല്‍കാലിക അധ്യക്ഷ പദവിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവുമെല്ലാം നല്‍കിയെങ്കിലും ജനപ്രതിനിധിയാകാന്‍ ഹസനും അതീവ താല്‍പ്പര്യമുണ്ട്.

ഇതെല്ലാം മനസ്സിലാക്കിയാണ് വയനാട് എന്ന സുരക്ഷിത മണ്ഡലം ഹസന് വേണ്ടി കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ കണ്ടുവയ്ക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമോ എന്നത് മാത്രമാണ് ഇനി നിര്‍ണ്ണയാകം. ഒരാഴ്ചയ്ക്കുള്ളില്‍ രാഹുലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വരും. അതിന് ശേഷമാകും കേരളത്തിലെ സ്ഥനാര്‍ത്ഥികളില്‍ കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തൂവെന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി സിദ്ദിഖിനെയാണ് ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. രാഹുല്‍ എത്തിയപ്പോള്‍ സിദ്ദിഖ് ഒഴിവായി. പിന്നീട് വയനാടിന്റെ എംഎല്‍എയായി സിദ്ദിഖ്.

ഈ സാഹചര്യത്തില്‍ വയനാട് മത്സരിക്കാന്‍ രാഹുല്‍ ഇല്ലെങ്കില്‍ മറ്റൊരു മുസ്ലീം നേതാവും ഇത്തവണ അവകാശ വാദവുമായി എത്തില്ല. ഇതെല്ലാം കാര്യങ്ങള്‍ ഹസന് അനുകൂലമായി മാറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top