ക്രെഡിറ്റ് പോകുമെന്ന് ഭയമെന്ന് സതീശന്‍; അന്തകന്‍ പിതൃത്വം ഏറ്റെടുക്കുന്നെന്ന് സുധാകരന്‍; വിഴിഞ്ഞത്തില്‍ വിമര്‍ശനം

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദര്‍ഷിപ് സാന്‍ഫെര്‍ണാണ്ടോക്ക് ഔദ്യോഗിക സ്വീകരണം നല്‍കുന്ന ചടങ്ങില്‍ യുഡിഎഫിനെ ക്ഷണിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. യുഡിഎഫിന്റെ കുഞ്ഞാണ് വിഴിഞ്ഞം. ഉമ്മന്‍ചാണ്ടിയെന്ന ഭരണാഘധികാരിയുടെ നിശ്ചയദാര്‍ഢ്യമാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതിയുടെ ക്രെഡിറ്റ് നഷ്ടപ്പെടും എന്ന് കരുതിയാണ് പ്രതിപക്ഷത്തെ ചടങ്ങില്‍ ക്ഷണിക്കാതിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

വിഴിഞ്ഞം പദ്ധതി 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് അഴിമതിയെന്ന് പറഞ്ഞ് നടന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ എന്താണ് അവിടെ നടക്കുന്നതെന്നും സതീശന്‍ ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ക്കറിയാം ഇത് ആരുടെ പദ്ധതിയെന്ന്. ചടങ്ങില്‍ പ്രതിപക്ഷത്തെ ഒഴിവാക്കിയത് സര്‍ക്കാരിന്റെ ഔചിത്യമാണെന്നും സതീശന്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത്. എന്നാല്‍് പിണറായി സര്‍ക്കാര്‍ അത് തമസ്‌കരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ച യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. ഇത് മാന്യതയില്ലാത്ത നടപടിയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണെന്നും സുധാകരന്‍ പരിഹസിച്ചു.

നാളെ രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top