ലീഗിന് രണ്ടുസീറ്റെന്ന് ഉറപ്പിച്ച് യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി; ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിക്ക്

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉടന്‍ ഡല്‍ഹിക്ക് പോകും. 29ന് നടക്കുന്ന സമരാഗ്നി പരിപാടിയുടെ സമാപനത്തിന് ശേഷമാകും ഇരുവരും ഡല്‍ഹിക്ക് പോവുക. രാഹുല്‍ ഗാന്ധിയൊഴികെയുള്ള സിറ്റിംഗ് എം.പിമാരെല്ലാം മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്നതില്‍ തീരുമാനം വന്നിട്ടില്ല. അതിന് ശേഷമേ വയനാട് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കൂ. രാഹുല്‍ ഇല്ലെങ്കില്‍ വയനാട്ടില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സനെയും, കെപിസിസി വക്താവ്കെ .പി.നൗഷാദ് അലിയേയും സജീവമായി പരിഗണിക്കുന്നുണ്ട്. സമസ്തയുമായുള്ള അടുത്ത ബന്ധം കണക്കിലെടുത്താണ് നൗഷാദ് അലിയെ പരിഗണിക്കുന്നത്. മാര്‍ച്ച് ആദ്യ വാരം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

മൂന്നാം സീറ്റിന് അവകാശവാദമുന്നയിച്ച മുസ്ലീം ലീഗിനെ രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഉറപ്പ് നല്‍കിയാണ് കോണ്‍ഗ്രസ് അനുനയിപ്പിച്ചത്. മലപ്പുറം, പൊന്നാനി സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇവിടത്തെ സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തു. നിലവിലെ എം.പിമാരെ പരസ്പരം മാറ്റി മത്സരിപ്പിക്കുന്നു എന്നത് മാത്രമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ പുതുമ. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും, പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. മൂന്നാം സീറ്റെന്ന ആവശ്യം ശക്തമായാണ് ലീഗ് ഇത്തവണ ഉന്നയിച്ചത്. എന്നാല്‍ കൂടുതല്‍ അംഗങ്ങളെ ലോക്‌സഭയിലെത്തിക്കാനുളള ശ്രമമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ലീഗിനെ ബോധ്യപ്പെടുത്തി. അതോടെയാണ് രാജ്യസഭാ സീറ്റെന്ന ആവശ്യം ഉന്നയിച്ചതും കോണ്‍ഗ്രസ് അംഗീകരിച്ചതും.

16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 2 ഇടത്ത് മുസ്ലീം ലീഗും കൊല്ലത്ത് ആര്‍എസ്പിയും കോട്ടയത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമാണ് മത്സരിക്കുന്നത്. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനേയും കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനേയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് വരാനുള്ളത്. സിറ്റിംഗ് എം.പിമാരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാവരും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

20 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ച് ഇടത് മുന്നണി തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 15 സീറ്റുകളില്‍ സിപിഎമ്മും 4 സീറ്റില്‍ സിപിഐയും കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമാണ് മത്സരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top