സർക്കാരല്ല കൊള്ളക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് വി.ഡി.സതീശൻ; സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് ഉപരോധം, ദുരിതത്തിലായി ജനങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞു. സെക്രട്ടറിയേറ്റിലെ നാല് ഗേറ്റുകളിൽ മൂന്നെണ്ണവും ഉപരോധിച്ചായിരുന്നു സമരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉപരോധം ഉദ്‌ഘാടനം ചെയ്തു.

സർക്കാരല്ലിത് കൊള്ളക്കാരാണ്. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണുകിടക്കുന്ന മുഖ്യമന്ത്രിയാണ് സർക്കാരിന് നേതൃത്വം നൽകുന്നതെന്ന് വി.ഡി.സതീശൻ പറഞ്ഞു. മാസപ്പടി. കെ-ഫോൺ , എഐ ക്യാമറ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായി മറുപടി നൽകാൻ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ഉച്ചഭക്ഷണം കൊടുക്കാൻ പൈസ ഇല്ലെങ്കിലും മുഖ്യമന്ത്രി 40 കാറിന്റെ അകമ്പടിയിലാണ് നടക്കുന്നത്, ധൂർത്തിനും കുറവില്ല. കേരളീയത്തിന് കോടികണക്കിന് രൂപയാണ് ചിലവിടുന്നത്. കെഎസ്ആർടിസിയിലാണ് കേരളീയം യാത്ര നടത്താൻ ഇരുന്നത് എന്നാൽ ശമ്പളം കൊടുക്കാൻ ഇല്ലാത്തതിനാൽ കെഎസ്ആർടിസി ജീവനക്കാർ ഇറക്കിവിടുമെന്ന് ഭയന്ന് യാത്ര വേറെ വാഹനത്തിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിക്ഷേപകരെ തെരുവിൽ ഇറക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുകയും ചെയ്ത സർക്കാരാണ് ഇവിടെ ഉള്ളതെന്ന് സതീശൻ പറഞ്ഞു.

ഉപരോധത്തെ തുടർന്ന്‌ തലസ്ഥാന നഗരിയിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. എംജി റോഡ് സ്‌തംഭിച്ച അവസ്ഥയായിരുന്നു. തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റേഷനിൽ നിന്നുള്ള ദീർഘദൂര സർവീസുകളടക്കം വൈകി. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും ഒഫീസിലെത്തി. ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും കന്റോൺ്മെന്റ്‌ ഗേറ്റു വഴി സെക്രട്ടറിയറ്റിലെത്തി.

രാവിലെ ആറുമുതൽ ആരംഭിച്ച സമരത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ തുടങ്ങി പ്രമുഖ യുഡിഎഫ് നേതാക്കളെല്ലാം പങ്കെടുത്തു.

Logo
X
Top