ചേലക്കര സിപിഎമ്മിന് അഭിമാന പ്രശ്നം; പാലക്കാട് പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും; ഉപതിരഞ്ഞെടുപ്പുകള്‍ മൂന്ന് മുന്നണികള്‍ക്കും അഗ്നിപരീക്ഷ

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളും വയനാട് ലോക്സഭാ മണ്ഡലവുമാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റ് ഒഴിഞ്ഞപ്പോള്‍ തന്നെ ഇവിടെ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ആയിരിക്കുമെന്ന കോണ്‍ഗ്രസ് തീരുമാനം വന്നിട്ടുണ്ട്. ചേലക്കരയില്‍ രമ്യ ഹരിദാസും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എന്ന് ഏകദേശം തീര്‍ച്ചയായിട്ടുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലേക്കും ഒരേ ഒരു പേര് മാത്രമാണ് കെപിസിസി എഐസിക്ക് നല്‍കിയത്. എന്നാല്‍ എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല.

പാലക്കാട്‌ എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ചേലക്കര എംഎല്‍എയായിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വന്നത്. ഈ ഉപതിരഞ്ഞെടുപ്പ് വിജയങ്ങള്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചകങ്ങളായിരിക്കുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉപതിരഞ്ഞെടുപ്പുകള്‍ അഗ്നിപരീക്ഷ ആയി മാറുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയം ഉപതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും എന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ഇന്ന് പ്രതികരിച്ചത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഉപതിരഞ്ഞെടുപ്പില്‍ കണക്കുതീര്‍ക്കാനാണ് സിപിഎം ഒരുങ്ങുന്നത്. ഈ ആത്മവിശ്വാസത്തില്‍ വേണം തദ്ദേശസ്വയം ഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ എന്നാണ് സിപിഎം തീരുമാനം. അതുകൊണ്ട് തന്നെ വിജയം ഇരുമുന്നണികള്‍ക്കും അഭിമാന പ്രശ്നമാണ്. എന്നാല്‍ പാലക്കാട് സീറ്റ് യുഡിഎഫില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിയുമോ എന്നാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയുടെ നോട്ടം.

ചേലക്കര നിയമസഭ മണ്ഡലം നിലനിര്‍ത്തുക എന്നത് സിപിഎമ്മിന് പ്രസ്റ്റീജിന്റെ പ്രശ്നമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 83415 വോട്ടുകളാണ് രാധാകൃഷ്ണന്‍ നേടിയത്. 39400 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.സി.ശ്രീകുമാറിനെ രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാടിനു ലഭിച്ചത് 24045 വോട്ടുകള്‍ മാത്രമാണ്. ചേലക്കരയില്‍ ശക്തമായ എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. മണ്ഡലം തിരിച്ചു പിടിക്കാന്‍ ആലക്കോട് എംപിയായിരുന്ന രമ്യ ഹരിദാസിനെയാണ് കോണ്‍ഗ്രസ് കളത്തില്‍ ഇറക്കുന്നത്. ചേലക്കര വിജയിക്കാന്‍ കഴിഞ്ഞാല്‍ രമ്യക്ക് അത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്കുള്ള മധുരമായ പ്രതികാരമായി മാറും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച ഡോ.ടി.എൻ.സരസുവിനെയാകും ബിജെപി ചേലക്കരയില്‍ മത്സരിപ്പിക്കാനുള്ള സാധ്യത.

പാലക്കാട് ആണ് ശക്തമായ നിയമസഭാ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഇ.ശ്രീധരന്‍ കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്. ഷാഫി പറമ്പില്‍ 54079 വോട്ടുകള്‍ നേടിയപ്പോള്‍ മെട്രോമാന് 50220 വോട്ടുകള്‍ ലഭിച്ചിരുന്നു. സിപിഎമ്മിന്റെ അഡ്വ. സി.പി.പ്രമോദിന് 36433 വോട്ടുകളാണ് ലഭിച്ചത്. ചേലക്കരയെ അപേക്ഷിച്ച് ഇവിടെ യുഡിഎഫും ബിജെപിയും നേരിട്ടാണ് പോരാട്ടം. പാലക്കാട് വിജയസാധ്യതയുള്ള സീറ്റ് ആയതിനാല്‍ സ്ഥാനാര്‍ത്ഥികളെ ചൊല്ലി ബിജെപിയില്‍ വടംവലി രൂക്ഷമാണ്. പാലക്കാട് നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി.കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം രംഗത്തുള്ളപ്പോള്‍ മറ്റൊരു വിഭാഗം ശോഭാ സുരേന്ദ്രന് വേണ്ടി കരുക്കള്‍ നീക്കുകയാണ്.

വയനാട് ലോക്സഭാ സീറ്റില്‍ യുഡിഎഫ് വിജയം ഉറപ്പാണ്. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതില്‍ മാത്രമാണ് ചര്‍ച്ച നടക്കുന്നത്. മൂന്നര ലക്ഷത്തിലേറെ വോട്ടുകളാണ് കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്. രാഹുല്‍ 647445 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്തുള്ള എതിര്‍സ്ഥാനാര്‍ത്ഥി ഇടതുമുന്നണിയുടെ ആനി രാജയ്ക്ക് 283023 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ കെ.സുരേന്ദ്രന് ലഭിച്ചത് 141045 വോട്ടുകളും. ഇക്കുറിയും ആനി രാജ തന്നെയോ അതോ ബിജി മോളോ സിപിഐ സ്ഥാനാര്‍ത്ഥിയായേക്കും. ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തന്നെയാകും ബിജെപി നിര്‍ത്താന്‍ സാധ്യത.

വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും നവംബര്‍ 13-ന് നടക്കും. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top