ആശമാരുടെ കാര്യത്തില്‍ യുഡിഎഫിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഞെട്ടി സിപിഎം; എതിര്‍ത്താല്‍ അന്നം മുടക്കികളാകും

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ അധികമായി നല്‍കണമെന്ന് യുഡിഎഫ് സര്‍ക്കുലര്‍. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ , തൃശുര്‍ ജില്ലയിലെ പഴയന്നൂര്‍ എന്നീ പഞ്ചായത്തുകള്‍ ആശാ വര്‍ക്കര്‍മാര്‍ക്ക നിലവില്‍ ലഭിക്കുന്ന 7000 രൂപക്ക് പുറമേ 2000 രൂപ കൂടി അധികമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് യുഡിഎഫ് സംസ്ഥാന തലത്തില്‍ ഇത്തരമൊരു തീരുമാനം കൈ കൊണ്ടത്. പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നത്. ഒരു രൂപ പോലും ആശമാര്‍ക്ക് കൂട്ടിക്കൊടുക്കാനാവില്ലെന്ന് നിലപാട് സ്വീകരിച്ച സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ് യുഡിഎഫിന്റെ പുതിയ നീക്കം.

കോണ്‍ഗ്രസ് ഭരിക്കുന്ന റാന്നി താലൂക്കിലെ വെച്ചൂച്ചിറ പഞ്ചായത്താണ് ആശാ മാര്‍ക്ക് അധിക വേതനമായി 2000 രൂപ നല്‍കാനുള്ള നീക്കം ആദ്യം നടത്തിയത്. ഈ
പഞ്ചായത്തിലെ 15 വാര്‍ഡുകളിലായി 15 ആശ പ്രവര്‍ത്തകരാണുള്ളത്. ഇതിനായി അഞ്ച്) ലക്ഷം രൂപ ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. അവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും 2 ജോഡി യൂണിഫോം നല്‍കാനും നീക്കിവച്ചതില്‍ നിന്നു തുക ചെലവഴിക്കും. ഇതു നടപ്പാക്കണമെങ്കില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണസമിതിയുടെ (ഡിപിസി)അംഗീകാരം നേടണം. പഞ്ചായത്തിന്റെ തനതു ഫണ്ട് ചെലവഴിക്കുന്നതിനാല്‍ ഡിപിസിയുടെ എതിര്‍പ്പുണ്ടാകില്ലെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷയെന്ന് പ്രസിഡന്റ് ടി കെ ജയിംസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. വെച്ചൂച്ചിറ പഞ്ചായത്തിന് പിന്നാലെയാണ് പഴയന്നൂരും 2000 രൂപ അധികമായി നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചായത്തിലെ 31 ആശമാര്‍ക്കായി എട്ട് ലക്ഷം രൂപ ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്.

യുഡിഎഫ് ഭരിക്കുന്ന ഏതാണ്ട് 325 ഗ്രാമ പഞ്ചായത്തുകളില്‍ ആശ മാര്‍ക്ക് അധിക വേതനം നല്‍കാനുള്ള മുന്നണി തീരുമാനം രാഷ്ടീയമായി മേല്‍ക്കൈ നേടാനുള്ള സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അധിക വേതനം നല്ക്കാനുള്ള യുഡിഎഫ് പഞ്ചായത്തുകളുടെ തീരുമാനത്തെ സാങ്കേതികത്വം പറഞ്ഞ് എതിര്‍ക്കുന്നത് തിരിച്ചടിയാകുമെന്ന് സിപിഎം ഭയപ്പെടുന്നുണ്ട്. പാവപ്പെട്ട സ്ത്രീകള്‍ക്ക് യുഡിഎഫ് ആനുകൂല്യം നല്‍കാനുള്ള തീരുമാനത്തെ എതിര്‍ത്താല്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കക്കും ഉണ്ട്. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള യുഡിഎഫിന്റെ രാഷ്ട്രീയ തന്ത്രം വിജയം കാണുമോ എന്ന് വരുംമ ദിവസങ്ങളില്‍ അറിയാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top