യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി; നഗരം സ്തംഭിക്കും; കടുത്ത ഗതാഗത നിയന്ത്രണങ്ങളുമായി പോലീസ്

തിരുവനന്തപുരം: “സര്‍ക്കാരല്ലിത് കൊള്ളക്കാര്‍” എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫ് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറ് മണിക്ക് തന്നെ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി. നാല് ​ഗേറ്റുകളിൽ മൂന്നും പ്രവർത്തകർ ഉപരോധിച്ചിട്ടുണ്ട്. കന്‍റോണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് സമ്മതിച്ചില്ല. റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം.

പ്രതിപക്ഷ നേതാവ് വി.ഡ‍ി.സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. സി.പി.ജോണ്‍ അടക്കമുള്ളവര്‍ രാവിലെ തന്നെ എത്തിയിട്ടുണ്ട്.

വിവിധ ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകരും അവരെ വഹിച്ചുള്ള വാഹനങ്ങളും എത്തിയതോടെ നഗരം സ്തംഭിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റ് ഭാഗത്തേക്കും തമ്പാനൂരിലേക്കും എത്തുക പ്രയാസമാകും. കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പോലീസ് നല്‍കുന്ന നിര്‍ദ്ദേശം ഇങ്ങനെ:

പാളയം മുതല്‍ പുളിമൂട് വരെയുള്ള റോഡില്‍ ഗതഗതതടസ്സം അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളയമ്പലം ഭാഗത്തുനിന്നും കിഴക്കേ കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വഴുതക്കാട് – തൈക്കാട് -തമ്പാനൂര്‍ വഴിയും, വഴുതക്കാട് കലാഭവന്‍ മണി റോഡ് പനവിള വഴിയും പോകേണ്ടതാണ്. പട്ടം ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി ഭാഗത്തു നിന്ന് തിരിഞ്ഞ് നന്ദാവനം-പഞ്ചാപുര- ബേക്കറിഫ്‌ളെഓവര്‍ വഴിയും, ആശാന്‍ സ്‌ക്വയര്‍ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാളയം അണ്ടര്‍ പാസേജ് ബേക്കറി ഫ്‌ളൈഓവര്‍ വഴിയും, പോകാവുന്നതാണ്.

കിഴക്കേകോട്ട ഭാഗത്തുനിന്നും വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓവര്‍ബ്രിഡ്ജ്- തമ്പാനൂര്‍ഫ്‌ളൈഓവര്‍ – തൈക്കാട്- മേട്ടുക്കട -വഴുതക്കാട് വഴി പോകേണ്ടതും, പട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ – പനവിള – ബേക്കറിഫ്‌ളൈഓവര്‍- അണ്ടര്‍പാസേജ് -ആശാന്‍ സ്‌ക്വയര്‍ പി.എം.ജി വഴിയും പോകണം. ചാക്കബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര – ഈഞ്ചക്കല്‍ വഴി പോകാം. ഉപരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ കൊണ്ടു വരുന്ന വാഹന ങ്ങള്‍ നിര്‍ദ്ദിഷ്ടസ്ഥലങ്ങളില്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം ആറ്റുകാല്‍ ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൗണ്ട്, ഈഞ്ചക്കല്‍ ബൈപ്പാസ് എന്നിവിടങ്ങളില്‍ വാഹനഗതാഗതത്തിന് തടസം വരാത്ത രീതിയില്‍ പാര്‍ക്കു ചെയ്യണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top