മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് മറുപടി നല്‍കണം; ജോസിനും ചാഴികാടനും ആത്മാഭിമാനമുണ്ടോയെന്ന് യുഡിഎഫ്

പാല: റബർ കർഷകരെയും പാലായുടെ വികസനത്തെയും തള്ളിക്കളഞ്ഞ മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ആത്മാഭിമാനമുണ്ടെങ്കിൽ ജോസ് കെ മാണി മറുപടി പറയണമെന്ന് യുഡിഎഫ്. എന്തിനാണ് നവകേരള സദസ് എന്ന് ജോസ് കെ മാണിയും കൂട്ടരും മനസിലാക്കിയിട്ട് പാലാക്കാരോട് വിശദീകരിക്കാൻ തയ്യാറാവണമെന്നും യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

റബർ വില തകർച്ചക്ക് പരിഹാരം, സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെ പാലായുടെ വികസനങ്ങൾ മുഖ്യമന്ത്രി പാലായിലെ ജനസദസിൽ പ്രഖ്യാപിക്കും എന്ന് പറഞ്ഞ് കോടികൾ മുടക്കിയാണ് നവകേരള സദസ് എന്ന മാമാങ്കം മണ്ഡലത്തിൽ നടത്തിയത്. എന്നാൽ പരിപാടിയിൽ മണ്ഡലത്തിൻ്റെ വികസനത്തേയും റബർ കർഷകരെയും തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സ്ഥലം എംപി തോമസ് ചാഴികാടനെ താക്കീത് ചെയ്യുകയാണുണ്ടായത്. ഈ സാഹചര്യത്തിൽ ചാഴികാടൻ അഭിമാനം ഉണ്ടെങ്കിൽ രാജിവെക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

ഇത്തരം ഒരു സാഹചര്യം യുഡിഎഫിൽ നിന്നുണ്ടായാൽ രാജി ഭീഷണി മുഴക്കുമായിരുന്ന ജോസ് കെ മാണി വിഭാഗം ഇപ്പോൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ എൻ സുരേഷ്‌ ,മോളി പീറ്റർ, കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡൻറ് ജോർജ് പുളിങ്കാട്, നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി, തോമസ് ആർ.വി. ജോസ്, ജോഷി വട്ടക്കുന്നേൽ തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടു.

പാലായുടെ ആവശ്യങ്ങളായി മൂന്ന് ആവശ്യങ്ങൾ അവതരിപ്പിക്കുന്നു എന്നു പറഞ്ഞാണ് തോമസ് ചാഴികാടൻ കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ പ്രസംഗം ആരംഭിച്ചത്. റബറിൻ്റെ താങ്ങുവില വർധിപ്പിക്കൽ, ചേർപ്പുങ്കൽ പാലം പൂർത്തിയാക്കൽ, പാലാ നഗരസഭാ സ്റ്റേഡിയം നവീകരണം എന്നീ കാര്യങ്ങളാണ് എംപി ഉന്നയിച്ചത്. ചാഴികാടൻ്റെ പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ മന്ത്രി റോഷി അഗസ്റ്റിൻ പ്രസംഗം ചുരുക്കണമെന്ന് സമീപമെത്തി ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷ പ്രസംഗത്തിൽ ജോസ് കെ മാണിയും റബറിൻ്റെ താങ്ങുവില 200 രൂപയാക്കി ഉയര്‍ത്തുന്ന കാര്യം ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് മുഖ്യമന്ത്രി ചാഴികാടന്‍റെയും ജോസ് കെ മാണിയുടെയും ആവശ്യങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

നവകേരള സദസ് എന്തിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കാതെയാണ് ചാഴികാടൻ്റെ ആവശ്യ അവതരണമെന്നും ഇത് അതിനുള്ള വേദി അല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്ര സര്‍ക്കാര്‍ അവഗണന, സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇനി ചെയ്യാനുള്ള കാര്യങ്ങള്‍ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസ്. ചാഴികാടനും മറ്റും പറഞ്ഞ കാര്യങ്ങൾ പിന്നീട് പരിഗണിക്കാം. അതൊന്നും പറയാനല്ല സദസ് ഉദ്ദേശിക്കുന്നത് അതിനാൽ ആ ഭാഗത്തേക്ക് കടക്കുന്നില്ലെന്നായിരുന്നു ചാഴികാടൻ്റെ ആവശ്യങ്ങൾക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം. പരിപാടിക്ക് ശേഷം മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ച ചാഴികാടൻ പ്രതികരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top