യുഡിഎഫിന് 20:20; എബിപി – സി വോട്ടര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സര്‍വേ പ്രവചനം; രാഹുലിന്റെ വരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യും

ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2019ല്‍ നേടിയ മിന്നും വിജയം ഇക്കുറിയും യുഡിഎഫ് ആവര്‍ത്തിക്കുമെന്ന് എബിപി ന്യൂസ് – സി വോട്ടര്‍ സര്‍വേ ഫലം. ഇരുപത് സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. ഇടത് മുന്നണിയും, ബിജെപി നയിക്കുന്ന എന്‍ഡിഎയും പൂജ്യത്തിലൊതുങ്ങും. രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നതാണ് യുഡിഎഫിന് ഇത്തവണയും ഗുണമാകുന്നതെന്നാണ് സര്‍വേ പറയുന്നത്.
വോട്ട് വിഹിതത്തിലും കോണ്‍ഗ്രസും യുഡിഎഫും വളരെ മുന്നേറ്റം നേടും. 44.5 ശതമാനം വോട്ടു വിഹിതമാണ് യുഡിഎഫിന് ലഭിക്കുക. എല്‍ഡിഎഫ് 31.4 ശതമാനവും എന്‍ഡിഎ 19.8 ശതമാനവും മറ്റു പാര്‍ട്ടികള്‍ 4.3 ശതമാനവും വോട്ടുകള്‍ നേടും.
ഇന്‍ഡ്യ മുന്നണിയിലാണെങ്കിലും കോണ്‍ഗ്രസും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടന്ന കേരളം ഇരു വിഭാഗങ്ങള്‍ക്കും നിര്‍ണ്ണായകമാണ്. ഇവിടെ നിന്നും പരമാവധി പേരെ വിജയിപ്പിക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. ശബരിമല വിഷയം വലിയ ചര്‍ച്ചയാതിനു പിന്നാലെ നടന്ന 2019ലെ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളും യുഡിഎഫ് വിജയിക്കുകയായിരുന്നു. ആലപ്പുഴയില്‍ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാനായത്. എന്നാല്‍ ഇത് മറികടക്കാന്‍ മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയാണ് ഇടതുമുന്നണി മത്സരത്തിന് തയാറെടുക്കുന്നത്. 5 പേരെയെങ്കിലും വിജയപ്പിക്കാനായില്ലെങ്കില്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്ടമാകുമെന്ന വെല്ലുവിളിയും നിലനില്‍ക്കുന്നുണ്ട്.
പ്രധാനമന്ത്രിയെ അടക്കം ഇറക്കി വലിയ പ്രചരണത്തിന് തന്നെയാണ് ബിജെപിയും തയ്യാറെടുക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങള്‍ പിടിക്കാനാണ് ബിജെപിയുടെ പ്രധാനശ്രമം. എന്നാല്‍ ഈ ശ്രമങ്ങളെ നിരാശപ്പെടുത്തുന്നതാണ് സര്‍വേ ഫലം. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകും. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വലിയ വിജയം നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here