ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല; യുഡിഫിന്റെ വിജയം സഹതാപതരംഗമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളിയിലെ യുഡിഫിന്റെ വിജയം സഹതാപ തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഫിന്റെ വിജയം അംഗീകരിക്കുന്നു പക്ഷെ ഇത് ഒരിക്കലും ഇടതു സർക്കാരിന്റെ ഭരണ വിലയിരുത്തലല്ല. ഇടതുപക്ഷത്തിന്റെ അടിത്തറയിൽ ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ പോലൊരു നേതാവിന്റെ മരണത്തിന് ശേഷം, 53 വർഷം അദ്ദേഹം ജയിച്ച മണ്ഡലത്തിൽ വളരെ പെട്ടന്നു നടന്ന തെരഞ്ഞെടുപ്പാണിത്. അവിടെ അദ്ദേഹത്തിന്റെ മകൻ ജയിച്ചതിൽ ഇത്രയും ആഘോഷിക്കേണ്ട കാര്യമില്ല. ബിജെപി വോട്ടുകൾ കോൺഗ്രസിന് ലഭിച്ചു. 13 ആമത് വിജയം എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞത് സത്യമാണ് കാരണം ഇത് ഉമ്മൻ ചാണ്ടിയുടെ പേരിൽ കിട്ടിയ ജയമാണ്. അതുകൊണ്ടാണ് കൂടുതൽ അവകാശവാദങ്ങൾ ഉന്നയിക്കാത്തതെന്ന് ഗോവിന്ദൻ പറഞ്ഞു .
പാർട്ടിക്ക് മണ്ഡലത്തിൽ 12000ത്തോളം വോട്ട് കുറഞ്ഞതെങ്ങനെ എന്ന് പരിശോധിക്കും. സഹതാപതരംഗം നിലനിൽക്കുമ്പോഴും 42000ത്തിലധികം വോട്ട് ഇടതു സ്ഥാനാർത്ഥിക്ക് ലഭിച്ചത് വലിയ കാര്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയം ആവർത്തിക്കുമെന്ന കെ.സുധാകരന്റെ പ്രസ്താവന സ്വപ്നം മാത്രമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here