പോസ്റ്ററിന് പിന്നിൽ ലീഗ് അണികളെന്ന് കോൺഗ്രസ്; സിപിഎം ‘സഹകരണത്തിൽ’ പ്രതിസന്ധിയിലായി യുഡിഎഫ്

തിരുവനന്തപുരം: കേരള ബാങ്ക് ഭരണ സമിതിയിലേക്ക് മുസ്ലിം ലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയ സിപിഎം നീക്കത്തിൽ പ്രതിസന്ധിയിലായി യുഡിഎഫ്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ് എംഎൽഎയെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയ തീരുമാനത്തിന് ലീഗ് നേതൃത്വം പച്ചക്കൊടി കാണിച്ചതോടെയാണ് ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നത്. യുഡിഎഫ് നേതൃത്വവുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് തീരുമാനമെന്നും സിപിഎം നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നുമാണ് ലീഗ് വിശദീകരണം. മലപ്പുറം ജില്ലയിൽ നിന്നുള്‍പ്പെടെ വ്യാപകമായ എതിർപ്പാണ് നിലപാടിനെതിരെ ലീഗ് അണികളില്‍ നിന്നും മുന്നണിയിൽ നിന്നും ഉയരുന്നത്.

കോൺഗ്രസ് നേതൃത്വവുമായി ആലോചിക്കാതെയെടുത്ത തീരുമാനത്തിനെതിരെ കെപിസിസിക്ക് അമർഷമുണ്ടെങ്കിലും ലീഗിനെ പിണക്കേണ്ടാ എന്ന നിലപാടിലാണ് പാർട്ടി. മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ എം.എം. ഹസൻ ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിഷയം തല്ക്കാലം ചര്‍ച്ചയാക്കേണ്ടാ എന്നാണ് കോൺഗ്രസ് നിലപാട്. അതുകൊണ്ടാണ് ലീഗ് തീരുമാനത്തിൽ യുഡിഎഫിൽ ആശയക്കുഴപ്പമില്ല എന്ന പ്രസ്താവനയുമായി ഹസൻ രംഗത്തെത്തിയത്. ലീഗ് തീരുമാനത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം ഇന്ന് സ്വീകരിച്ചത്.

ലീഗ് തീരുമാനത്തിനെതിരെ പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും എതിർപ്പുയരുമ്പോഴും കോൺഗ്രസിന് പരാതിയില്ലെന്നാണ് വിഷയത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പ്രതികരണം. ലീഗ് എടുത്തകോണ്‍ഗ്രസ് ഇടപെടുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യില്ല. ഓരോ പാര്‍ട്ടിക്കും ഓരോ രാഷ്ട്രീയ നയമുണ്ടെന്നുമാണ് അദ്ദേഹം ഇന്ന് പറഞ്ഞത്. ഇത്തരത്തില്‍ നേതാക്കൻമാർ പറയുന്ന ന്യായികരണങ്ങള്‍ അംഗീകരിക്കാൻ അണികൾ തയാറാവുന്നില്ല എന്നതാണ് കോൺഗ്രസും മുന്നണിയും നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും സോഷ്യൽ മീഡിയകളിലടകം വ്യാപക വിമർശനമാണ് ലീഗ് തീരുമാനത്തിനെതിരെ ഉയരുന്നത്. മുസ്ലിം ലീഗ് അണികളിൽ ഒരു വിഭാഗവും പാര്‍ട്ടി നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ രംഗത്തുണ്ട്.

കേരള ബാങ്കിനെതിരെ നിയമസഭയിലും പുറത്തും യുഡിഎഫും കോൺഗ്രസും രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരിക്കുന്നതിനിടയിൽ ലീഗ് തീരുമാനം അതിന് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മുസ്ലിം ലീഗുമായി അടുക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ് തീരുമാനത്തെ നോക്കിക്കാണുന്നത്.

” പാർട്ടിയേയും പാർട്ടി അണികളെയും വഞ്ചിച്ച ജൂതാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കുക ” എന്നാവശ്യപ്പെട്ട് പി അബ്ദുൾ ഹമീദിനെതിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗ് ഓഫീസിന് മുന്നിലും മലപ്പുറം ബസ് സ്റ്റാന്റിലുമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ലീഗ് നേതൃത്വത്തിൻ്റെ അറിവോടെയാണ് താൻ സ്ഥാനമേറ്റെടുക്കാൻ തീരുമാനിച്ചതെന്ന ഹമീദിൻ്റെ പ്രസ്താവനക്ക് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളബാങ്ക് ഭരണസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് മലപ്പുറം ജില്ലയിൽ അരങ്ങേറുന്നത്. പോസ്റ്ററിന് പിന്നിൽ ലീഗ് അണികളാണെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി. അജയമോഹൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. യുഡിഎഫ് ജില്ലാ നേതൃത്വത്തോട് ആലോചിക്കാതെയാണ് ലീഗ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. കേരള ബാങ്കിനെതിരെ കേസ് നൽകിയ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യുഎ ലത്തിഫിനോട് പോലും ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അജയമോഹൻ കുട്ടിച്ചേർത്തു. കേസുമായി മുന്നോട്ട് പോകും. ലീഗ് നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ മേഖലയിൽ സിപിഎമ്മുമായി സഹകരിക്കുന്നതാണ് ലീഗ് നിലപാടെന്ന് വിശദമാക്കി പി അബ്ദുൾ ഹമീദ് രംഗത്തെത്തിയിരുന്നു. തന്നെ നാമനിർദേശം ചെയ്തതിന് പിന്നിൽ തെറ്റായ ഉദ്ദേശം സിപിഎമ്മിന് ഉണ്ടെന്ന് തോന്നുന്നില്ല. യുഡിഎഫിന്‍റെ അനുമതിയോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെന്നുമായിരുന്നു വിശദീകരണം. പലസ്തീൻ അനുകൂല റാലിക്കും എം.വി.രാഘവൻ അനുസ്മരണത്തിനും സിപിഎം ലീഗിനെ ക്ഷണിച്ചതും യുഡിഎഫിൽ പൊട്ടിത്തെറികൾ സൃഷ്ടിച്ചിരുന്നു. അതിനെചൊല്ലി ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് മുന്നണിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരുന്നത്. അടുത്ത കാലത്തുണ്ടായ ലീഗിനോടുള്ള സിപിഎമ്മിൻ്റെ പ്രത്യേക പരിഗണനയെ ആശങ്കയോടെയാണ് മുന്നണിയും കോൺഗ്രസ് നേതൃത്വവും നോക്കിക്കാണുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top