സർക്കാരിനെ കുറ്റവിചാരണ ചെയ്യാൻ യുഡിഎഫ്; നവകേരള സദസില്‍ ‘പൗരപ്രമുഖനായി’ മുതിര്‍ന്ന കോൺഗ്രസ് നേതാവ്

കണ്ണൂര്‍: സംസ്ഥാന സർക്കാറിൻ്റെ നവകേരള സദസിന് ബദലായി യുഡിഎഫിൻ്റെ കുറ്റവിചാരണ സദസ് ഇന്നു മുതൽ. കുറ്റവിചാരണ സദസിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിർവഹിക്കും.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സംസ്ഥാനത്ത എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രതീകാത്മമായി വിചാരണ ചെയ്യുന്നതാണ് പരിപാടി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടനം പുരോഗമിക്കുന്നതിനിടയിലാണ് പ്രതിപക്ഷ പരിപാടിയും സംഘടിപ്പിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ് സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം.

ആദ്യ ദിവസം വിവിധ ജില്ലകളിലെ 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടെ മണ്ഡലത്തില്‍ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുറഹ്‌മാന്റെ മണ്ഡലമായ താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ചേർത്തലയിൽ യുഡിഎഫ് കൺവീനർ എം.എം ഹസനും ഉദ്ഘാടകരാകും. കാസർഗോഡ് ഇ.ടി. മുഹമ്മദ് ബഷീറും തൃത്താലയിൽ രമേശ് ചെന്നിത്തലയും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനൂപ് ജേക്കബും ഇരിങ്ങാലക്കുടയിൽ സി.പി. ജോണും ഏറ്റുമാനൂരിൽ പി.ജെ. ജോസഫും കൊട്ടാരക്കരയിൽ ജി ദേവരാജനുമാണ് ആദ്യ ദിനം ഉദ്ഘാടകരായി എത്തുന്നത്. വരും ദിവസങ്ങളിൽ യുഡിഎഫ് ജനപ്രതിനിധികളും ദേശീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

അതേസമയം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയിൽ പുരോഗമിക്കുകയാണ്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇതിനോടകം നവകേരള സദസ് പര്യടനം പൂർത്തിയാക്കി.
ഇന്ന് നവകേരള സദസിൻ്റെ ഭാഗമായി പാലക്കാട്‌ രാമനാഥപുരത്ത് നടന്ന പ്രഭാത ഭക്ഷണ യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് പങ്കെടുത്തു. കെപിസിസി നിർദേശം മറികടന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്‌ ബാബുവിനൊപ്പമാണ്‌ ഗോപിനാഥ്‌ എത്തിയത്‌. മന്ത്രിമാരായ എം ബി രാജേഷും വി ശിവൻകുട്ടിയും ചേർന്ന്‌ ഗോപിനാഥിനെ സ്വീകരിച്ചു. .

താന്‍ ഉറച്ച കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ്സില്‍ തുടരാന്‍ ആഗ്രഹിക്കുന്നയാളാണെന്നും പരിപാടിയിൽ പങ്കെടുത്ത ശേഷം ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീട് പറയാന്‍ അവസരം കിട്ടിയാല്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് നേതൃത്വം ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. നവകേരള സദസിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി നിലപാട്. നേരത്തേ കെപിസിസി നിര്‍ദേശം മറികടന്ന് കോൺഗ്രസ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എ.വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ നവകേരള സദസിന് പണം കൈമാറിയിരുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും സദസിൽ പങ്കെടുക്കരുതെന്ന്‌ ഗോപിനാഥിനോട്‌ നിർദേശിച്ചിരുന്നു.

മണ്ണാർക്കാട് മുൻ മുൻസിപ്പാലിറ്റി ചെയർപേഴ്സണും, വനിത ലീഗ് നേതാവുമായ എം.കെ സുബൈദയും ഇന്ന് നവകേരള സദസിൽ പങ്കെടുത്തു. വികസനകാര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് പിന്തുണ നൽകാനാണ് ചടങ്ങിനെത്തിയതെന്നും നടപടി വരുമോയെന്ന കാര്യത്തില്‍ പേടിയില്ലെന്നും സുബൈദ പ്രതികരിച്ചു. നടപടിയെക്കുറിച്ച് തല്‍ക്കാലം ചിന്തിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top